roa
കൊല്ലം-തിരുമംഗം ദേശിയ പാതയിലെ പുനലൂരിന് സമീപത്തെ വാളക്കോട് റെയിൽവേ മേൽപ്പാലത്തിൽ ഇരുമ്പ് കൈവരികൾ സ്ഥാപിച്ചിരുന്നു കോൺക്രീറ്റ് ബ്രദലം കച്ചി ലോറി ഇടിച്ച് റോഡിലേക്ക് തള്ളി നിൽക്കുന്നു

പുനലൂർ: വാളക്കോട് മേൽപ്പാലത്തിലൂടെ യാത്രചെയ്യുന്നവർ സൂക്ഷിക്കണം. പാലത്തിന്റെ തകർന്ന കൈവരിയിലെ കോൺക്രീറ്റ് പാളി ഒരുമീറ്ററോളം റോഡിലേക്ക് തള്ളി നിൽപ്പുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം തന്നെ സംഭവിച്ചേക്കാം. രണ്ട് ദിവസം മുമ്പ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വയ്ക്കോൽ കയറ്റിയെത്തിയ ലോറി ഇടിച്ചാണ് ഇടുങ്ങിയ മേൽപ്പാലത്തിന്റെ ഇരുമ്പ് കൈവരികൾ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ഇളക്കിയത്. കോൺക്രീറ്റ് ഇളകി മാറിയതോടെ കൈവരികൾ സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലിയും അടർന്ന് മാറി.

ബ്രിട്ടീഷുകാരുടെ പാലം

1920 മധുര-കൊല്ലം റെയിൽവേ ലൈൻ കടന്ന് പോകാൻ വേണ്ടി കൊല്ലം-തെങ്കാശി പാത ബന്ധിപ്പിക്കാൻ കരിങ്കല്ലുകൾ ഉപയോഗിച്ച് ബ്രിട്ടീഷുകാർ പണിത മേൽപ്പാലമാണിത്. ഒരു സമയം ഒരു വാഹനത്തിന് മാത്രം കടന്ന് പോകാവുന്ന നിലയിലായിരുന്നു അന്ന് മേൽപ്പാലം പണിതത്. എന്നാൽ സംസ്ഥനത്തെ പഴക്കം ചെന്ന എല്ലാ മേൽപ്പാലങ്ങളും പുനർ നിർമ്മിച്ചെങ്കിലും ദിസവും നൂറ്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന അന്തർ സംസ്ഥാന പാതയിലെ വാളക്കോട് മേൽപ്പാലം ഇപ്പോഴും പുതുക്കി പണിയാൻ റെയിൽവേയോ, ദേശീയ പാത വിഭാഗം അധികൃതരോ തയ്യാറായിട്ടില്ല.

അധികൃതരുടെ അഭിപ്രായ ഭിന്നത

പുനലൂർ-ചെങ്കോട്ട റെയിൽവേ ഗേജ് മാറ്റത്തിന്റെ ഭാഗമായി വാളക്കോട് മേൽപ്പാലം പുനർ നിർമ്മിക്കാൻ പദ്ധതി ഇട്ട് പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരും റെയിൽവേയും തമ്മിലുളള അഭിപ്രായ ഭിന്നതയെ തുടർന്നാണ് നിർമ്മാണ ജോലികൾ ഉപേക്ഷിച്ചത്. ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള റോഡ് 35കോടി രൂപ ചെലവഴിച്ച് റീ ടാറിംഗ് നടത്തി മോടി പിടിപ്പിച്ചിട്ടും വാളക്കോട് മേൽപ്പാലം പുനർ നിർമ്മിക്കാൻ അധികൃതർ തയ്യാറിയില്ല.ഇതോടെ ദേശീയ പാത കടന്ന് പോകുന്ന പുനർ നിർമ്മിക്കാത്ത ഏക പാലമായി വാളക്കോട് മേൽപ്പാലം മാറി.

ഗതാഗതക്കുരുക്കിൽ

തമിഴ്നാട്,കർണാടക, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ചരക്കുകളുമായി എത്തുന്ന ലോറികളും മറ്റ് വാഹനങ്ങളും വാളക്കോട് മേൽപ്പാലം വഴിയാണ് കേരളത്തിലേക്ക് കടന്ന് പോകുന്നത്.ഒരു സമയത്ത് ഒരു വാഹനത്തിന് മാത്രം കടന്ന് പോകാൻ മാത്രം വീതിയുള്ള മേൽപ്പാലത്തിൽ കിഴക്ക് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മേൽപ്പാലത്തിൽ എത്തുമ്പോൾ, പടിഞ്ഞാറ് ഭാഗത്ത് നിന്നും കടന്ന് വരുന്ന വാഹനങ്ങൾ രൂക്ഷമായ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് വർഷങ്ങളായി തുടരുകയാണ്.ഈ സമയം കാൽ നട യാത്രക്കാർക്കും ഇതുവഴി നടന്ന് പോകാൻ കഴിയില്ല.ഇതിനിടെയാണ് പാലത്തിന്റെ കൈവരികൾ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ഇളകി റോഡിലേക്ക് തള്ളി നിൽക്കുന്നത്.