cow
കുന്നിക്കോട് കോട്ടവട്ടത്തിന് സമീപമുള്ള സെൻ്റ് ഫ്രാൻസിസ് അസ്സീസി സ്കൂളിന് മുൻവശത്തായി തള്ളിയ അറവുമാലിന്യത്തിൽ കിടാവിൻ്റെ ജഡം.

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിൽ എവിടെ നോക്കിയാലും അറവ് മാലിന്യം കാണാം. ചാക്കിൽ കെട്ടിയും അല്ലാതെയും പാതയോരങ്ങളിലും ജനവാസമേഖലകളിലും എല്ലാം അറവ് മാലിന്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം കോട്ടവട്ടത്തിന് സമീപമുള്ള സെന്റ് ഫ്രാൻസിസ് അസീസി സ്കൂളിന് മുൻപിലായി അറവുമാലിന്യത്തിന്റെ കൂട്ടത്തിൽ കിടാവിന്റെ ജഡവും കണ്ടെത്തിയിരുന്നു.

അറവുശാല ഇല്ല

വിളക്കുടി ഗ്രാമപഞ്ചായത്തിൽ അറവുശാല ഇല്ലാത്തത് ഒരു പ്രധാനപ്രശ്നമാണ്. അഞ്ച് ഇറച്ചി വിൽപ്പന സ്റ്റാളുകൾ ഈ അടുത്തിടെ പഞ്ചായത്ത് ലേലത്തിൽ നൽകിയിരുന്നു. പഞ്ചായത്തിൽ നിന്ന് ലൈസൻസ് എടുത്ത ഇറച്ചി വിൽപ്പന സ്റ്റാളുകൾ കുളത്തൂപ്പുഴയിലുള്ള അറവുശാലയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നതെങ്കിലും അത് രേഖകളിൽ ഒതുങ്ങും. പ്രതിവർഷം ഇറച്ചി വ്യാപാരത്തിനുള്ള ലൈസൻസ് നേടാൻ വേണ്ടി മാത്രമാണ് ഇവർ അറവ്ശാലകളെ ബന്ധപ്പെടുന്നത്. അറവ്ശാലകളിൽ വച്ച് അറവ് നടത്തി മാംസം ഇവിടെ കൊണ്ട് വന്ന് വിൽക്കാനാണ് അനുമതി.എന്നാൽ ഇറച്ചി വ്യാപാരികൾ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് സ്വന്തം ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലാണ്. കൂടാതെ അനധികൃത ഇറച്ചി കച്ചവടക്കാർ യാതൊരു നിയമവും പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഇത്തരക്കാരാണ് വഴിയിലും താമസ സ്ഥലങ്ങളിലും അറവുമാലിന്യം തള്ളുന്നുന്നത്.

പഞ്ചായത്ത് അധികൃതർ ഇടപെടുന്നില്ല

അനധികൃത അറവ് നിയന്ത്രിക്കാനോ,​ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കാനോ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. എന്നാൽ അറവുമാലിന്യം അങ്ങോട്ട് പണം നൽകി പന്നിവളർത്തൽ കേന്ദ്രങ്ങൾക്കും മറ്റും നൽകുകയാണെന്നാണ് അംഗീകൃത ഇറച്ചി വ്യാപാരികൾ പറയുന്നത്.

അറവ്മാലിന്യം കൂടിയതോടെ തെരുവ് നായ്ക്കളുടെ ശല്യവും കൂടിയിട്ടുണ്ട്. മുൻ കാലങ്ങളിൽ പലിച്ചമലയിൽ ഉള്ള റോഡിന്റെ വശത്തായിരുന്നു സ്ഥിരമായി മാലിന്യം തള്ളിയിരുന്നത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധവും പൊലീസിന്റെ പട്രോളിംഗും കാരണം അവിടെ മാലിന്യം തള്ളുന്നത് ഒരു പരിധി വരെ കുറഞ്ഞിരുന്നു.

വിളക്കുടി മുതൽ കോട്ടവട്ടം വരെയുള്ള ദേശീയ പാതയോരങ്ങൾ, കാര്യറ പേപ്പർമിൽ റോഡിന്റെ വശങ്ങൾ, പനമ്പറ്റ ബിവറേജസ് ഔട്ട്ലെറ്റിന് സമീപമുള്ള പ്രദേശങ്ങൾ, കാവൽപുര റെയിൽവേ പാതയോട് ചേർന്നുള്ള പ്രദേശങ്ങൾ തുടങ്ങിയവ ഇപ്പോൾ മാലിന്യം തള്ളുന്ന സ്ഥിരം പ്രദേശങ്ങളാണ്.

കുടിവെള്ളം മലിനമാകുന്നു

ചാക്കിൽ കെട്ടി റോഡ്‌ വക്കിൽ ഉപേക്ഷിക്കുന്ന അറവുമാലിന്യം തെരുവ് നായ്ക്കൾ കടിച്ചെടുത്ത് റോഡിൽ കൊണ്ടിടും. കൂടാതെ പക്ഷികൾ കൊത്തി സമീപ പ്രദേശങ്ങളിലെ കിണറുകളിലും വാട്ടർ ടാങ്കിലും കൊണ്ടിട്ട് വെള്ളം മലിനമാക്കുന്നതും സ്ഥിരം സംഭവമാണ്.
പഞ്ചായത്തിന്റെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് മാലിന്യം തള്ളുന്ന പ്രദേശങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിച്ച് പ്രത്യേക നിരീക്ഷണം നടത്തി കുറ്റകൃത്യം ചെയ്യുന്നവരെ പിടികൂടണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.