c
പീരങ്കി മൈതാനത്തോട് ചേർന്ന് കിടക്കുന്ന എസ്.എൻ ട്രസ്റ്റിന്റെ ഭൂമി കൈയേറി നടക്കുന്ന നിർമ്മാണ പ്രവർത്തനം

കൊല്ലം: പീരങ്കിമൈതാനത്തെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്റെ മറവിൽ എസ്.എൻ ട്രസ്റ്റിന്റെ ഭൂമി കൈയേറുന്നതിനെതിരെ പ്രതിഷേധം കനലെരിയുന്നു. ഇന്നലെ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കൗൺസിൽ യോഗം സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ചു. കുണ്ടറയിൽ യൂത്ത് മൂവ്മെന്റ് സൈബർ സേനകളുടെ സംയുക്തയോഗം കൈയേറ്റത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ സംഘടനകൾ ശക്തമായ സമരവുമായി രംഗത്തെത്തും.

ഒരിഞ്ച് ഭൂമി വിട്ടുനൽകില്ല: കരുനാഗപ്പള്ളി യൂണിയൻ

കരുനാഗപ്പള്ളി: ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്റെ മറവിൽ എസ്.എൻ ട്രസ്റ്റിന്റെ ഭൂമി കൈയേറാനുള്ള നീക്കത്തിൽ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കൗൺസിൽ യോഗം ശക്തമായ പ്രതിഷേധിച്ചു.

സ്പോർട്സ് ഡയറക്ടറേറ്റ് ബോധപൂർവമാണ് പീരങ്കി മൈതാനത്തിന് സമീപത്തെ എസ്.എൻ ട്രസ്റ്റ് ഭൂമി സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും. യോഗം നിർദ്ദേശിക്കുന്ന സമരപരിപാടികളുമായി വരും ദിവസങ്ങളിൽ മുന്നോട്ടുപോകും. പീരങ്കി മൈതാനത്തെ ഭൂമി പാട്ടത്തിന് വാങ്ങിയെടുത്തതിന്റെ പേരിൽ ആർ. ശങ്കറിന് ഏറെ പഴികേൾക്കേണ്ടി വന്നു. ഇവിടെ എസ്.എൻ കോളേജും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയർന്നപ്പോൾ പിന്നാക്കക്കാരന്റെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളാണ് യാഥാർത്ഥ്യമായത്.

അപവാദങ്ങൾ പ്രചരിച്ചിട്ടും ആർ. ശങ്കർ ഭൂമി വാങ്ങിയെടുത്തതും കോളേജ് ആരംഭിച്ചതും ഈ ലക്ഷ്യത്തോടെയാണ്. അതിൽ നിന്ന് ഒരിഞ്ചുഭൂമി തട്ടിയെടുക്കാൻ അനുവദിക്കില്ല. പിന്നാക്കക്കാരന്റെ കൈയിലിരിക്കുന്നതുകൂടി തട്ടിയെടുക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ഇതിന് പിന്നിൽ ഗൂഢാലോചന നടക്കുന്നുണ്ട്. ഇപ്പോഴത്തെ നീക്കത്തിൽ നിന്ന് സർക്കാർ വകുപ്പ് പിന്മാറിയില്ലെങ്കിൽ പരിണിതഫലം ഏറെ രൂക്ഷമായിരിക്കുമെന്നും യൂണിയൻ കൗൺസിൽ യോഗം മുന്നറിയിപ്പുനൽകി.

യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എ. സോമരാജൻ, വൈസ് പ്രസിഡന്റ് ശോഭനൻ, യൂണിയൻ ബോർഡ് അംഗങ്ങളായ കെ.പി. രാജൻ, കെ.ജെ. പ്രസേനൻ, എസ്. സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ ഡോ. കെ. രാജൻ, അഡ്വ. എൻ. മധു, കെ. സദാനന്ദൻ, പി.ഡി. രഘുനാഥൻ, എൻ. ബാബു, എം. രാധാകൃഷ്ണൻ, ജി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

കൈയേറ്റ ശ്രമം ഉപേക്ഷിക്കണം: കുണ്ടറ യൂണിയൻ

കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ആരംഭിക്കാൻ ആർ. ശങ്കർ ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത ഭൂമി കൈയേറാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിലെ യൂത്ത് മൂവ്മെന്റും സൈബർസേനയും സംയുക്തമായി സംഘടിപ്പിച്ച യുവസംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എസ്.എൻ ട്രസ്റ്റിന്റെ ഭൂമി കൈയേറാൻ ശ്രമിക്കുന്നത് പിന്നാക്കക്കാർക്കുനേരെയുള്ള കടന്നാക്രമണമാണെന്നും പ്രമേയം വ്യക്തമാക്കി.

യുവസംഗമം കുണ്ടറ യൂണിയൻ പ്രസിഡന്റ്‌ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് കുണ്ടറ യൂണിയൻ പ്രസിഡന്റ്‌ എം.ആർ. ഷാജി അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ്‌ രഞ്ജിത്ത് രവീന്ദ്രൻ, ജില്ലാ ചെയർമാൻ സിബു വൈഷ്ണവ്, ജില്ലാ കൺവീനർ ശർമ്മ സോമരാജൻ, സൈബർസേന കോ - ഓർഡിനേറ്റർ പുഷ്പ പ്രതാപ്, യോഗം യൂണിയൻ കൗൺസിലർ ജി. ലിബു, യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ പി. തുളസീധരൻ, സജീവ് തുടങ്ങിയവർ സംസാരിച്ചു.

സൈബർ സേന കേന്ദ്രകമ്മിറ്റി അംഗം മോനിഷ, കേന്ദ്ര സമിതി ജോയിന്റ് കൺവീനർ ബിനു സുരേന്ദ്രൻ, യൂത്ത് മൂവ്മെന്റ് കുണ്ടറ യൂണിയൻ സെക്രട്ടറി സന്തോഷ്‌ തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് മൂവ്മെന്റ് കോ ഓർഡിനേറ്റർ ഹനീഷ് സ്വാഗതവും സൈബർസേന കുണ്ടറ യൂണിയൻ കൺവീന‌ർ എൽ. അനിൽകുമാർ നന്ദിയും പറഞ്ഞു.