കരുനാഗപ്പള്ളി: ടി.എസ് കനാൽ കേന്ദ്രീകരിച്ച് അനധികൃത മണൽ കടത്ത് വ്യാപകമാകുന്നതായി പരാതി. അനധികൃത മണൽ വാരലിനെതിരെ ജില്ലാ ഭരണകൂടം നൽകിയ കർക്കശമായ നിർദ്ദേശത്തെ കാറ്രിൽ പറത്തിയാണ് മണൽ മാഫിയ സംഘം അനധികൃത മണലൂറ്റ് നടത്തുന്നത്. മണലൂറ്റ് വ്യാപകമായതിനെ തുടർന്ന് കായലിന്റെ ഇരു വശങ്ങളിലുമുള്ള കരകൾ ഇടിഞ്ഞ് കായലിൽ പതിച്ച് തുടങ്ങി. നിർമ്മാണ മേഖലയെ ലക്ഷ്യമിട്ടുകൊണ്ടാണ് രാത്രിയുടെ മറവിൽ മണൽ വാരുന്നത്.മിനി ലോറികളിൽ കടത്തി കൊണ്ട് വരുന്ന കായൽ മണ്ണിന് മണലിന്റെ വിലയാണ് സംഘം ഈടാക്കുന്നത്.
ഉപ്പിന്റെ രസമുള്ള മണ്ണ്
മിനി ലോറിയുടെ കൈവരിക്ക് താഴെ മാത്രമുള്ള മണ്ണിന് 6000 രൂപയാണ് ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്നത്. 70 കുട്ട മണലാണ് ലോറികളിൽ കയറ്റുന്നത്. ഇപ്പോൾ കായലിൽ ഉപ്പാണ്. ഉപ്പിന്റെ രസമുള്ള മണ്ണാണ് അമിത വിലവാങ്ങി നാട്ടുകാർക്ക് വില്ക്കുന്നത്. ഈ മണൽ ഉപയോഗിച്ച് വീടുകളുടെ ഭിത്തി പൂശിയാൽ ഏറെ താമസിക്കാതെ ഭിത്തികൾ പൊരിഞ്ഞ് ഇളകി തുടങ്ങും. പൊലീസിനേയും റവന്യു ഉദ്യാഗസ്ഥ സ്ക്വാഡിനെയും വെട്ടിച്ച് കൊണ്ടാണ് അനധികൃത മണൽ വ്യാപാരം പൊടിപൊടിക്കുന്നത്.മിക്ക ദിവസങ്ങളിലും അർദ്ധ രാത്രിക്ക് ശേഷമാണ് മണൽ വാരൽ ആരംഭിക്കുന്നത്.
മണൽ കടത്ത്
നാട്ടുകാരുടെ ശ്രദ്ധയിൽ പെടാത്ത സ്ഥലങ്ങളിൽ രണ്ട് വള്ളങ്ങൾ ചങ്ങാടം പോലെ കെട്ടി ഇതിൽ മോട്ടോർ ഘടിപ്പിച്ചാണ് മണൽ ഊറ്റുന്നത്. മണിക്കൂറിനുള്ളിൽ മണൽ നിറച്ച വള്ളങ്ങൾ ജനവാസമില്ലാത്ത കടവുകളിൽ എത്തിച്ചേരും. വള്ളങ്ങൾ കടവിൽ എത്തിക്കഴിഞ്ഞാൽ മിനി ലോറികൾ ഉടനെ എത്തും. പെട്ടെന്ന് തന്നെ മണൽ മിനി ലോറികളിൽ കയറ്റി കൊണ്ട് പോകും. നേരം പുലരുന്നതിന് മുമ്പ് ജോലികൾ തീർത്ത് എല്ലാവരും വീടണയും. മിനി ലോറി കടന്ന് പോകുന്ന വഴി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താൻ ബൈക്കുകളിൽ ആളുകൾ മുന്നിൽ പോകും.