മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
ഇരവിപുരം: അയത്തിൽ മാലിക്കര പള്ളിക്ക് മുന്നിലെ ഇടറോഡിലൂടെ വാഹനങ്ങളുടെ അമിതവേഗതയിലുള്ള സഞ്ചാരത്തിന് തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടപടികൾ തുടങ്ങി. സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ഉദ്യോഗസ്ഥർ പള്ളിക്ക് മുന്നിലെ റോഡിലൂടെ വലിയ വാഹനങ്ങൾ പോകുന്നത് തടയുന്നതിന് നടപടി സ്വീകരിക്കുമെന്നും നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നും അറിയിച്ചു.
അയത്തിൽ ബൈപ്പാസ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ കാത്തുകിടക്കാതെ കണ്ണനലൂർ ഭാഗത്തേക്ക് എളുപ്പത്തിൽ പോകുന്നതിനായാണ് ടിപ്പറുകളും മറ്റും പള്ളിക്ക് മുന്നിലുള്ള റോഡിലൂടെ വാഴയിൽ ജംഗ്ഷനിലെത്തി പോകുന്നത്. ഇടറോഡിലൂടെ വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നത് പള്ളിയിൽ നമസ്കാരത്തിന് വരുന്നവർക്കും മദ്രസയിലെത്തുന്ന വിദ്യാർത്ഥികൾക്കും ഭീഷണിയായതിനെ തുടർന്ന് ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി അയത്തിൽ നിസാം ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചത്.