
കൊല്ലം: ഗാന്ധിഭവനിലെ പാട്ടിയമ്മ നവതിയുടെ നിറവിൽ! കുട്ടികൾക്കും മുതിർന്നവർക്കുമൊപ്പം കഥകൾ പറഞ്ഞും കുറുമ്പുകാട്ടിയും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചും പാട്ടിയമ്മയെന്ന ആനന്ദവല്ലി അമ്മാൾ സജീവമാണ്. ഉള്ളു നിറയെ ചെറുപ്പമാണ് ഈ തൊണ്ണൂറ് വയസുകാരിക്ക് . ഗാന്ധിഭവനിലെ ഏല്ലാ ചടങ്ങിലും മുൻനിരയിൽ പാട്ടിയമ്മയുണ്ട്. വേദിയിലെ ആ സൗമ്യ സാന്നിദ്ധ്യത്തെ വലിയ അനുഗ്രഹമായിട്ടാണ് എല്ലാവരും കാണുന്നതും. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും ഗാന്ധിഭവനിലെ അതിഥികൾക്ക് സമ്മാനവുമായി വേദിയിലെത്തുമ്പോൾ പാട്ടിയമ്മ മറ്റെല്ലാം മറക്കും. ചിരിച്ചും വർത്തമാനം പറഞ്ഞും അവശതകളെ അകറ്റിയോടിക്കും. തലമുറകളുടെ വിശേഷങ്ങളുണ്ട് ആ ഉള്ളുനിറയെ. അത് ചികഞ്ഞെടുക്കാനാണ് അതിഥികൾക്കും താത്പര്യം. തിരുവിതാംകൂർ ചരിത്രത്തിൽ ദിവാൻ സർ സി.പിയ്ക്കുള്ള പ്രാധാന്യം ചെറുതല്ല. സർ സി.പിയുടെ ചെറുമകളാണ് താനെന്നത് അഭിമാനത്തോടെയാണ് പാട്ടിയമ്മ പറയുന്നത്. സർ സി.പിയുടെ മൂത്തസഹോദരൻ ഗണപതി അയ്യരുടെ മകൾ എൽ.ചെല്ലമ്മാളിന്റെയും എസ്.എം.സുന്ദരം അയ്യരുടെയും രണ്ടാമത്തെ മകളാണ് പാട്ടിയമ്മ. മദ്രാസിൽ നിന്നും പിതാവിന്റെ ജോലി സംബന്ധമായിട്ടാണ് ഇവരുടെ കുടുംബം കൊല്ലത്ത് എത്തിയത്. പിന്നെ ഇവിടെ സ്ഥിരതാമസമാക്കി. 1941ൽ സർ സി.പി കൊല്ലത്തെ ഇവരുടെ താമസ സ്ഥലത്തെത്തിയപ്പോൾ ആനന്ദവല്ലി അമ്മാൾ നന്നെ ചെറുപ്പമാണ്. അന്ന് മാത്രമേ സർ സി.പിയെ കണ്ടിട്ടുള്ളൂ. എന്നാലിപ്പോഴും ആ ഓർമ്മകൾക്ക് മങ്ങലേറ്റിട്ടില്ല. മദ്രാസിലാണ് ജനിച്ചതെങ്കിലും പാട്ടിയമ്മാളിന് കൊല്ലം വളരെ ഇഷ്ടമായിരുന്നു. പഠിച്ച് അദ്ധ്യാപികയായി. സഹോദരങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൂടി ഏറ്റെടുത്തതിനാൽ വിവാഹത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല. ഒടുവിൽ ഉറ്റവർക്ക് ഭാരമാകേണ്ടെന്ന് കരുതി 2009 ജനുവരി 11നാണ് പാട്ടിയമ്മ പത്തനാപുരം ഗാന്ധിഭവന്റെ സ്നേഹത്തണലിലെത്തിയത്. ഇവിടെ തീർത്തും സന്തോഷവതിയായി എല്ലാവരുടെയും മുത്തശ്ശിയായി തിളങ്ങുകയാണ് പാട്ടിയമ്മ.