കൊല്ലം: സാമൂഹിക മാറ്റത്തിനായുള്ള വിപ്ലവങ്ങൾ അവസാനിക്കുന്നില്ലെന്നും രാജ്യത്ത് യഥാർത്ഥ സമത്വത്തിനായുള്ള വിപ്ലവം സമൂഹവും മാദ്ധ്യമങ്ങളും ഏറ്റെടുക്കണമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കുന്നതിന് എസ്.എൻ വനിതാ കോളേജിൽ കേരളകൗമുദി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിൽ വനിതകൾക്കുണ്ടായ മാറ്റം ചെറുതല്ല. രാജ്യത്തിന് തന്നെ മാതൃകയാണ് കേരളം. വനിതകൾ ഇനിയും കൂടുതൽ ശാക്തീകരിക്കപ്പെടണം. ആ മാറ്റങ്ങൾ വലിയ നേട്ടങ്ങൾക്ക് വഴി തെളിക്കുമെന്നും സ്ത്രീകളെ ആരാധിച്ചിരുന്ന ദ്രാവിഡ സംസ്കാരം വീണ്ടെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ദ്രാവിഡ കാലത്ത് കുടുംബ നേതൃത്വം സ്ത്രീകൾക്കായിരുന്നു. എന്നാൽ പെൺകുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കുന്ന രക്ഷകർത്താക്കളെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ആര്യന്മാരുടെ കടന്നുവരവാണ് ഭാരതത്തിൽ സ്ത്രീകളുടെ അവസ്ഥ മാറ്റിമറിച്ചത്. അവരാണ് ഭർത്താവ് മരിക്കുന്ന സ്ത്രീ ചിതയിൽ ചാടി മരിക്കണമെന്ന ആചാരത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയിൽ വംശഹത്യയുടെ ചരിത്രം അവിടെയാണ് തുടങ്ങുന്നത്. ഭാരതത്തിന്റെ യഥാർത്ഥ രാഷ്ട്രീയ അസ്തിത്വം ദ്രാവിഡരുടേതാണ്. ഇത് മറച്ചുവച്ച് ചരിത്രം തിരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റായും ന്യൂസ്‌ലൻഡ് പ്രസിഡന്റായും വനിതകളെത്തി. പക്ഷെ ലോകസാഹചര്യം പരിശോധിക്കുമ്പോൾ സ്ത്രീ പുരുഷ തുല്യതയും അവസര സമത്വവും ഇന്നും ചർച്ച മാത്രമായി നിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ, മേയർ പ്രസന്ന ഏണസ്റ്റ്, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം എന്നിവരെ കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ആദരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, കോയിക്കൽ ഗവ. എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ ജെ. വിമലകുമാരി, എഴുത്തുകാരി കൊട്ടാരക്കര ബി. സുധർമ്മ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് തങ്കലത ടീച്ചർ, ചെമ്പകശേരി ഗവ. എച്ച്.എസ്.എസ് മാനേജർ കൃഷ്ണവേണി ടീച്ചർ, പുത്തൂർ ശ്രീനാരായണ ഗുരുദേവ വി.എച്ച്.എസ്.എസ് മാനേജർ ഓമന ശ്രീറാം, കോയിക്കൽ ഗവ.എച്ച്.എസ്.എസ് അദ്ധ്യാപിക സി.എസ്. ഗീത, ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് ട്രസ്റ്റി പ്രസന്ന രാജൻ, പ്രേം ഫാഷൻ ജുവലറി മാനേജിംഗ് ഡയറക്ടർ ആർ. ബീന പ്രേമാനന്ദ്, പൂയപ്പള്ളി ഗവ. ഹൈസ്കൂൾ അദ്ധ്യാപിക വി. റാണി, വലിയവിള ഫൗണ്ടേഷൻ സെക്രട്ടറി സ്മിത രാജൻ, സംസ്ഥാന ക്ഷീര കർഷക അവാർഡ് ജേതാവ് ആർ. പ്രസന്നകുമാരി എന്നിവരെ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ആദരിച്ചു.
കേരളകൗമുദി ലേഖകൻ പട്ടത്താനം സുനിലിന്റെ രണ്ട് നോവലെറ്റുകൾ ചടങ്ങിൽ പ്രകാശനം ചെയ്തു. 'പത്മാവതി കാത്തിരുന്നു' എന്ന നോവലെറ്റ് എം. മുകേഷ് എം.എൽ.എക്ക് നൽകിയും 'പുതിയ പ്രകാശം' എന്ന നോവലെറ്റ് എം. നൗഷാദ് എം.എൽ.എയ്ക്ക് നൽകിയും മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പ്രകാശനം ചെയ്തു. കൊട്ടാരക്കര ബി. സുധർമ്മയുടെ 'ദൈവോപദേശ ശതകം എന്റെ കാഴ്ചപ്പാടിൽ' എന്ന പുസ്തകം മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ എം. നൗഷാദ് എം.എൽ.എക്ക് നൽകി പ്രകാശനം ചെയ്തു.
എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ് എന്നിവർ ആശംസകൾ നേർന്നു. കോളേജ് വിദ്യാർത്ഥിനികളായ വൃന്ദ, സരിഗ, നന്ദന, അശ്വതി എന്നിവർ ഈശ്വര പ്രാർത്ഥന ചൊല്ലി. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് വി.ബി. ഉണ്ണിത്താൻ സ്വാഗതവും റിപ്പോർട്ടർ ബി. ഉണ്ണിക്കണ്ണൻ നന്ദിയും പറഞ്ഞു.