ചാത്തന്നൂർ: ഒരു വർഷത്തോളമായി മുടങ്ങിയ ശമ്പളം വിതരണം ചെയ്യുന്നതിന് മാനേജ്മെന്റ് അറിയിച്ച അവധികൾ പലയാവർത്തി കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ചാത്തന്നൂർ കാരംകോട് സ്പിന്നിംഗ് മിൽ തൊഴിലാളികൾ ടെക്നിക്കൽ മാനേജരെ ഉപരോധിച്ചു.
നേരത്തെ കിട്ടാനുള്ള പത്ത് മാസത്തെ ശമ്പളം കഴിഞ്ഞ ഫെബ്രുവരി 3ന് മുമ്പ് നൽകുമെന്നായിരുന്നു തൊഴിലാളികൾക്ക് മാനേജ്മെന്റ് നൽകിയിരുന്ന ഉറപ്പ്. ഇതേതുടർന്ന് ഒരുമാസത്തിലേറെ തൊഴിലാളികൾ വീണ്ടും ജോലി ചെയ്തു. എന്നാൽ ഈ വേതനവും നൽകിയില്ല. ശമ്പളം മുടങ്ങിയതിനെ തുടർന്ന് ചെയർമാനോ മറ്റ് ഉദ്യോഗസ്ഥരോ മില്ലിലേയ്ക്ക് വരാറില്ലെന്നും തൊഴിലാളികൾ പറയുന്നു.
ഇന്നലെ രാവിലെ 10 മണിയോടെ ടെക്‌നിക്കൽ മാനേജർ മില്ലിലെത്തിയപ്പോൾ തൊഴിലാളികൾ സംഘടിച്ച് തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ജി.എസ്. ജയലാൽ എം.എൽ.എ മില്ലിൽ എത്തി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. ചർച്ചയിൽ ഈ മാസം 17ന് ശമ്പളം നൽകുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ എം.എൽ.എയ്ക്ക് ഉറപ്പുനൽകി.