കൊല്ലം: കർമ്മ മണ്ഡലത്തിൽ പ്രകാശിക്കുകയും കാരുണ്യത്തിന്റെ നിലാമഴയായി പെയ്തിറങ്ങുകയും ചെയ്ത സ്ത്രീകൾക്ക് അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരളകൗമുദി നൽകിയ ആദരവ് ഹൃദ്യമായി. എസ്.എൻ വനിതാ കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് സ്ത്രീകൾക്ക് കൂടുതൽ കരുത്തോടെ മുന്നേറാനുള്ള ആവേശം പകരുന്നത് കൂടിയായി.
ജീവകാരുണ്യം, രാഷ്ട്രീയം, സാഹിത്യം, കൃഷി, ഭരണമികവ്, അദ്ധ്യാപനം എന്നീ മണ്ഡലങ്ങളിൽ അഭിമാനകരമായ സംഭാവനകൾ നൽകിയ സ്ത്രീകളെയാണ് ആദരിച്ചത്. ഇവരെല്ലാം കുടുംബസമേതമാണ് കേരളകൗമുദിയുടെ അംഗീകാരം ഏറ്റുവാങ്ങാനെത്തിയത്. അവരിൽ പലരും കേരളകൗമുദി വായിച്ച് എഴുതാൻ പഠിച്ചവരാണ്. പലർക്കും അദ്ധ്വാനിക്കാനുള്ള ഊർജ്ജം പകർന്നതും കേരളകൗമുദിയാണ്. ഇനിയും നക്ഷത്രങ്ങളായി തിളങ്ങും എന്ന ഉറപ്പ് നൽകിയാണ് അവർ വേദിയിൽ നിന്ന് മടങ്ങിയത്.
ആദരിക്കൽ ചടങ്ങിന്റെ ഭാഗമായി നടന്ന സമ്മേളനം സ്ത്രീകളുടെ ഇന്നലെകളെയും ഇന്നിനെയും നാളെയും കുറിച്ചുള്ള ചർച്ചകളുടെ വേദിയായി മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ തൂല്യനീതിക്കായി നൂറ്രാണ്ടുകൾ മുൻപ് നടത്തിയ ഐതിഹാസിക പ്രക്ഷോഭങ്ങൾ മുതൽ സമീപനാളുകളിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങളും സ്വന്തമാക്കിയ നേട്ടങ്ങളും ചർച്ചാ വിഷയമായി.