
ക്വാറി നിയമത്തിലും ചിറ്റമ്മനയം
കൊല്ലം: സമാനമായ ദൂരപരിധി നിഷ്കർഷിച്ചിട്ടുള്ള അന്യസംസ്ഥാനങ്ങളിൽ ക്വാറി ഖനനത്തിനായി അവലംബിക്കുന്നത് അത്യുഗ്ര ശേഷിയുള്ള സ്ഫോടനം. കേരളത്തിൽ ഇതിന് അനുമതിയില്ലാത്തതിനാൽ നിയന്ത്രിത സ്ഫോടനങ്ങളിലൂടെയാണ് ഖനനം നടത്തുന്നത്. ജനവാസമേഖലയിൽ നിന്ന് 200 മീറ്റർ ദൂരപരിധിയാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിലവിലുള്ളത്. ദൂരപരിധിയുടെ പേരിൽ സംസ്ഥാനത്തെ ഒട്ടുമിക്ക ക്വാറികളിലും ഇപ്പോൾ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
നിശ്ചിത വ്യാസത്തിലും ആഴത്തിലുമുള്ള കുഴികളിൽ മരുന്നുകൾ നിറച്ചശേഷം സ്ഫോടനം നടത്തിയാണ് ക്വാറികളിൽ പാറ പൊട്ടിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ കുഴികളുടെ ആഴം, വ്യാസം എന്നിവയിലും മരുന്നിന്റെ അളവിലും വ്യത്യാസമുണ്ട്. കേരളത്തിൽ അനുമതിയുള്ള സ്ഫോടനരഹിത സാങ്കേതിക വിദ്യയെക്കാൾ നൂറിരട്ടി പ്രഹരശേഷിയുള്ള വാഗൺഡ്രിൽ രീതിയാണ് അന്യസംസ്ഥാനങ്ങൾ പിന്തുടരുന്നത്. ശബ്ദം, പ്രകമ്പനം, പൊടിശല്യം, കല്ലുകൾ തെറിക്കൽ തുടങ്ങിയവ താരതമ്യേനെ കുറവുള്ള രീതിയാണ് കേരളത്തിൽ പിന്തുടരുന്നത്.
കേരളം 50 മീറ്റർ ദൂരപരിധി നിശ്ചയിച്ചപ്പോൾ സംസ്ഥാനത്തെ ക്വാറികളിൽ സ്ഫോടനരഹിത സാങ്കേതിക വിദ്യ ഉപയോഗിച്ച് മാത്രമേ ഖനനം നടത്താവൂ എന്ന് നിബന്ധനയുണ്ടായിരുന്നു. എന്നാൽ 50 മീറ്റർ ദൂരപരിധി 200 മീറ്ററാക്കണമെന്നുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പിടിവാശി അന്യസംസ്ഥാനങ്ങളിലെ ക്വാറി ഉടമകളെ സഹായിക്കാനാണെന്നാണ് വിലയിരുത്തൽ.
 സ്ഫോടനരഹിത സാങ്കേതികവിദ്യ കേരളത്തിൽ
കുഴിയുടെ വ്യാസം: 32 മില്ലിമീറ്റർ
ആഴം: 1.5 മുതൽ 2 മീറ്റർ
പാറപൊട്ടിക്കാനുള്ള മരുന്നിന്റെ അളവ്: 625 ഗ്രാം
പാറപൊട്ടിക്കാൻ: ഒരു സെക്കൻഡിന്റെ ആയിരത്തിലൊന്ന് സമയം
അന്യസംസ്ഥാന ക്വാറികളിൽ
(തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക)
ഉപയോഗിക്കുന്നത്: വാഗൺഡ്രിൽ സാങ്കേതികവിദ്യ
കുഴിയുടെ വ്യാസം: 90 മുതൽ 120 മില്ലിമീറ്റർ
ആഴം: 36 മീറ്റർ
പാറ പൊട്ടിക്കാനുള്ള മരുന്നിന്റെ അളവ്: 60 - 100 കിലോ