fireforce
പ്രാവിനെ രക്ഷപ്പെടുത്തിയ ശേഷം അഗ്നിരക്ഷാസേനാംഗങ്ങൾ വെള്ളം നൽകുന്നു

ചാത്തന്നൂർ: പൊരിവെയിലത്ത് നാലര മണിക്കൂർ വൈദ്യുതലൈനിൽ കുരുങ്ങിക്കിടന്ന് മരണത്തോട് മല്ലിട്ട പ്രാവ് നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും കരുതലിൽ സ്വാതന്ത്യത്തിന്റെ വിഹായുസിലേക്ക് വീണ്ടും പറന്നുയരാൻ ഒരുങ്ങുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചാത്തന്നൂർ ജംഗ്ഷനിലെ വൈദ്യുതിലൈനിൽ മാടപ്രാവ് കാൽ കുരുങ്ങിക്കിടക്കുന്നത് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരായ ഉദയൻ,​ പ്രകാശ്,​ സജാദ് എന്നിവർ കണ്ടത്. പി.വി.സി പൈപ്പ് ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്ന് പരവൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. അസി. സ്റ്റേഷൻ ഓഫീസർ യേശുദാസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

ഫയർമാൻ സണ്ണി ഏണിയിലൂടെ കയറി പ്രാവിന്റെ കാലിലും വൈദ്യുതിലൈനിലുമായി കുരുങ്ങിയ പ്ളാസ്റ്രിക് ചരടുകൾ മുറിച്ചുമാറ്റി പ്രാവിനെ താഴെയെത്തിച്ചു. വലതുകാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലുമായിരുന്നു. രൂക്ഷമായ വെയിലേറ്റ് നിർജ്ജലീകരണം സംഭവിച്ച മൃതപ്രായമായ പ്രാവിന് അഗ്നിരക്ഷാസേനാംഗങ്ങൾ വെള്ളം നൽകി. തുടർചികിത്സ ലഭ്യമാക്കുന്നതിനായി സ്ഥലത്തുണ്ടായിരുന്ന ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തംഗം ശർമ്മ പ്രാവിനെ ഏറ്റുവാങ്ങി.