ഓടനാവട്ടം: വേനലിൽ കല്ലട കനാലുകളിലൂടെ വെള്ളമെത്തുമെന്ന പ്രതീക്ഷയിൽ കൃഷിയിറക്കിയ കർഷകർ വെള്ളമില്ലാതെ വലയുകയാണ്.കൊടും വേനലിൽ കൃഷി ഏതാണ്ട് വരണ്ടുണങ്ങി. അതോടെ പട്ടിണിയും കടബാദ്ധ്യതകളും കർഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വെളിയം പഞ്ചായത്തിലെ മുട്ടറ,പഴങ്ങാലം,പൂവൻവിള,മങ്ങാരം,അമ്പലത്തുംകാല പ്രദേശ വാസികൾക്ക് കനാലുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.
കനാലുകളിൽ ലക്ഷക്കണക്കിന് രൂപാ ചെലവിട്ട് അറ്റകുറ്റ പണികൾ നടത്തുന്നുണ്ട്. പക്ഷെ അതിലൂടെ വെള്ളമെത്തിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
വേൽ കടുത്തിട്ടും
വേനൽ കാലത്ത് പരപ്പാർ അണക്കെട്ടിൽ നിന്നുള്ള ജലം കനാലുകളിലൂടെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ ഗ്രാമങ്ങളിലും എത്തിക്കുന്നതാണ് പദ്ധതി. കാർഷിക വിളകൾ കരിഞ്ഞുണങ്ങാതെ കർഷകർക്ക് ജലസേചനം നടത്താൻ സൗകര്യമൊരുക്കുന്നത് പ്രധാനമായും കല്ലട കനാലുകളാണ്. ചെറുതും വലുതുമായ നിരവധി പ്രാദേശിക കുടിവെള്ള പദ്ധതികളും കല്ലട കനാലുകളുടെ തീരത്തുണ്ട്. വേനലിൽ കുടിവെള്ള പദ്ധതികളുടെ റിസവർവോയറുകൾ വറ്റി തുടങ്ങുമ്പോഴേക്കും കല്ലട കനാലുകളിൽ വെള്ളമെത്തും. ഇതോടെ റിസർവോയറുകളിൽ ഊറ്റുവെള്ളമെത്തി ജലസമൃദ്ധമായി പമ്പിംഗ് നടക്കുന്നതാണ് പതിവ്.ഇത്തവണ വേനൽ കടുത്തിട്ടും വെള്ളമെത്താത്തതാണ് കർഷകരെ വലയ്ക്കുന്നത്.
യാത്രാസൗകര്യമില്ല
കനാൽ തീരത്ത് താമസിക്കുന്നവരുടെ മറ്റൊരു പ്രധാന പ്രശ്നം യാത്രാസൗകര്യമില്ല എന്നതാണ്.
കനാൽ വഴി ഒരു ഓട്ടോറിക്ഷ പോലും കടന്നുപോകില്ലെന്നാണ് നാട്ടുകാരുടെ പരാതി. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റും വളരെയേറെ ബുദ്ധിമുട്ടാണ്. കുടിവെള്ളം എത്തിക്കുന്നതിനൊപ്പം യാത്രാസൗകര്യവും ഏർപ്പാടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വെള്ളമില്ലാതെ കൃഷി നശിക്കുകയാണ്.കെ. ഐ. പി. കനാൽ വെറും നോക്കുകുത്തിയാണ്.
പട്ടിക ജാതി സമുദായങ്ങൾ തിങ്ങി പാർക്കുന്ന ഇവിടെ കൃഷിയാണ് ഉപ ജീവന മാർഗം. വെള്ളമെത്തിക്കാൻ കെ. ഐ. പി. അധികൃതർ നടപടി സ്വീകരിക്കണം.
കെ. ആർ. ശശികുമാർ,
റിട്ട. ഹെഡ് മാസ്റ്റർ
(പ്രദേശ വാസി ).
മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമാണ് വെള്ളം കിട്ടുന്നത്. ആഴ്ച യിൽ നാല് ദിവസം എങ്കിലും കനാലിൽ വെള്ളം കിട്ടണം.യാത്രാസൗകര്യം അടിയന്തരമായി ഒരുക്കണം. എന്നെ പാമ്പ് കടിച്ചപ്പോൾ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ഏറെ കഷ്ടപ്പെട്ടിരുന്നു.
ആർ. കാർത്തിക, ഹരിജൻ മേഖല, കടമാൻകോണം, മങ്ങാരം.