c
പീരങ്കി മൈതാനത്തെ എസ്.എൻ ട്രസ്റ്റ് ഭൂമി

കൊല്ലം: ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ പീരങ്കി മൈതാനത്തോട് ചേർന്നുള്ള എസ്.എൻ ട്രസ്റ്റിന്റെ ഭൂമി കവർന്നെടുക്കാനുള്ള ശ്രമത്തിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സ്പോർട്സ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെ ഇന്നലെ എസ്.എൻ.ഡി.പി യോഗം ചവറ, കുന്നത്തൂർ യൂണിയനുകൾ രംഗത്തെത്തി.

എസ്.എൻ ട്രസ്റ്റ് ഭൂമി കൈയേറാൻ നടക്കുന്ന നീക്കം ഉപേക്ഷിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾക്കെതിരെ യോഗം നേതൃത്വം നി‌ർദ്ദേശിക്കുന്ന പ്രകാരമുള്ള ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാനും കൗൺസിൽ തീരുമാനിച്ചു.

മഹാനായ ആർ. ശങ്കർ എസ്.എൻ ട്രസ്റ്ര് രൂപീകരിച്ച് മഹത്തായ വിദ്യാഭ്യാസ വിപ്ലവത്തിനാണ് തുടക്കമിട്ടത്. ഇതിലൂടെയാണ് വലിയൊരു വിഭാഗം പിന്നാക്ക ജനതയ്ക്ക് ഉന്നത വിദ്യാഭ്യാസം സാദ്ധ്യമായത്. അങ്ങനെയാണ് അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന് സാമൂഹ്യസമത്വവും നീതിയും നേടിയെടുക്കാനായത്. ഇത്തരം മുന്നേറ്റങ്ങൾക്ക് വിഘാതം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റിന്റെ സ്വത്ത് വകകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നത്. ശ്രീനാരായണ പ്രസ്ഥാനങ്ങളോട് മാറിവരുന്ന ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും നടത്തുന്ന പക്ഷപാതപരമായ നിലപാടുകൾ തിരുത്തണമെന്നും പ്രമേയത്തിൽ പറയുന്നു.

യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കെ. സുധാകരൻ, ശ്രീകുമാർ, സുരേഷ് കുമാർ, ഗണേശറാവു, ജി. മുരളീധരൻ, രഘു, മോഹൻ നിഖിലം, ശോഭകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കൈയേറ്റം ബോധപൂർവം: കുന്നത്തൂർ യൂണിയൻ

കുന്നത്തൂർ: ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്റെ മറവിൽ എസ്.എൻ ട്രസ്റ്റ് ഭൂമി കൈയേറുന്നത് കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് കുന്നത്തൂർ യൂണിയൻ മുന്നറിയിപ്പ് നൽകി. സ്റ്റേഡിയം നിർമ്മാണത്തിന്റെ മറവിൽ ഭൂമി കൈയേറാനുള്ള നീക്കം ബോധപൂർവമാണ്. വിഷയത്തിൽ അധികൃതർ ശ്രീനാരായണീയരോടും പൊതു സമൂഹത്തോടും മാപ്പുപറയണം. മഹാനായ ആർ. ശങ്കർ ഈഴവ സമുദായത്തിന് നേടിത്തന്ന ഭൂമിയാണ് കൊല്ലം ശ്രീനാരായണ കോളേജും മറ്റ് അനുബന്ധ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന കന്റോൺമെന്റ് മൈതാനത്തോട് ചേർന്നുള്ള ഭൂമി. ഈ സ്ഥലം സ്വന്തമാക്കാൻ ആരെയും അനുവദിക്കില്ല. സ്പോർട്സ് ഡയറക്ടറേറ്റ് ബോധപൂർവം നടത്തുന്ന ഈ പ്രവർത്തനം എന്തു വിലകൊടുത്തും നേരിടാൻ ശ്രീനാരായണീയർ രംഗത്തിറങ്ങും. പിന്നാക്കക്കാർക്ക് അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കന്നതിന്റെ ഭാഗമായാണ് സ്ഥലം പാട്ടത്തിന് വാങ്ങിയെടുക്കുന്നത്. ഇത് തട്ടിയെടുക്കാൻ ശ്രമിക്കുന്നത് പഴയ ചാതുർവർണ്യ കാലത്തിന്റെ അവർത്തനമാണ്. ഇതിന് ശ്രമിക്കുന്ന രാഷ്ട്രീയ ജന്മികൾക്ക് കാലം മാപ്പ് നൽകില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ. പി. കമലാസനൻ, വൈസ് പ്രസിഡന്റ് റാം മനോജ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഡോ. അജിത്ത്, സെക്രട്ടറി മനുദേവ് എന്നിവർ സംസാരിച്ചു.