b
വലിയമാട്ടേൽ കലുങ്കിന് സമീപം നാട്ടുകാർ സ്ഥാപിച്ച അപകട മുന്നറിയിപ്പ് ബോർഡ്

 ജങ്കാർ കടവിലേക്കുള്ള ഗതാഗതം മുടങ്ങും

മൺറോത്തുരുത്ത്: മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിലെ കൊച്ചുമാട്ടേൽ - പുളിമൂട്ടിൽ കടവ് റോഡിലെ വലിയമാട്ടേൽ കലുങ്ക് അപകടാവസ്ഥയിൽ. കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ ഇതുവഴി യാത്ര ചെയ്യാൻ ഭയപ്പെടുകയാണ് നാട്ടുകാർ. മൺറോത്തുരൂത്തിനെ പടിഞ്ഞാറേകല്ലടയുമായി ബന്ധിപ്പിക്കുന്ന കണ്ണങ്കാട്ട് ജങ്കാർ കടവിലേക്കും പുളിമൂട്ടിൽ കടവിലേക്കുമുള്ള ഗതാഗതം മുടങ്ങാൻ ഇത് കാരണമാകും.

ഗ്രാമപഞ്ചായത്തിലെ പെരുങ്ങാലം കിടപ്പുറം തെക്ക് പ്രദേശത്തുള്ളവർക്ക് പുളിമൂട്ടിൽ കടവിൽ വരെയെ വാഹനത്തിലെത്താൻ കഴിയുകയുള്ളു. പിന്നീട് രണ്ട് കടത്തുകൾ കയറിയിറങ്ങി രണ്ട് കിലോമീറ്ററോളം നടന്നാണ് ഇവിടുള്ളവർ യാത്ര ചെയ്യുന്നത്. സാധനങ്ങൾ എത്തിക്കുന്നതിനും കടവിലെത്തിച്ച് വള്ളത്തിൽ കയറി പോകണം. പടിഞ്ഞാറേകല്ലടയിലേക്കും കല്ലടയാറിന്റെ മറുകരയിലുള്ള മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡായ കിടപ്പുറത്തേക്ക് പോകുന്നവരും ജങ്കാർ കടവിലേക്ക് പോകാൻ വലിയമാട്ടേൽ കലുങ്കിലൂടെ വേണം യാത്ര ചെയ്യാൻ.

നിരവധിപേർക്ക് ആശ്രയമായ കലുങ്ക് അപകടത്തിലായതോടെ വലിയവാഹനങ്ങൾ കടന്നുപോകാതിരിക്കാൻ നാട്ടുകാർ സ്വന്തം നിലയ്ക്ക് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. കലുങ്ക് അടിയന്തരമായി പുനർനിർമ്മിച്ച് യാത്രാദുരിതമകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.