കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ വരുന്ന ജലസ്രോതസുകൾ നവീകരണമില്ലാതെ നശിക്കുന്നു. വേനൽ കടുത്തതോടെ കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. നഗരസഭയിൽ നിന്ന് ടാങ്കറിലാണ് എല്ലാ ഡിവിഷനുകളിലും കുടിവെള്ളമെത്തിക്കുന്നത്. കുളങ്ങളും മറ്ര് ജലസ്രോതസുകളും വറ്റി വരണ്ടതോടെയാണ് ജലക്ഷാമം രൂക്ഷമായത്. നഗരസഭയുടെ എല്ലാ ഡിവിഷനുകളിലും പൊതു കുളങ്ങളുണ്ട്. വർഷങ്ങൾക്ക് മുമ്പ് കുളത്തിലെ വെള്ളം പൂർണമായും ജനങ്ങൾ ഉപയോഗിച്ചിരുന്നു. പൈപ്പ് വെള്ളം എത്തിയതോടെയാണ് നാട്ടുകാർ കുളങ്ങളെ അവഗണിച്ചു തുടങ്ങിയത്. ഭൂഗർഭ ജലത്തിന്റെ അളവ് ക്രമീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നത് കുളങ്ങളായിരുന്നു. നഗരസഭയുടെ പരിധിയിൽ വരുന്ന കുളങ്ങളുടെ പൂർണമായ കണക്കുകൾ ശേഖരിക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
തണ്ണീർത്തടങ്ങളുടെ സംരക്ഷണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കി വരുകയാണ്. നഗരസഭയുടെ പരിധിയിൽ ചെറുതും വലുതുമായി 40 ഓളം കുളങ്ങളുണ്ട്. വിസ്തൃതിയിൽ മുന്നിൽ നിൽക്കുന പള്ളിക്കൽ കുളവും മാമ്പോഴി കുളവും സംരക്ഷണ ഭിത്തി കെട്ടി പൂർണമായും സംരക്ഷിച്ചിട്ടുണ്ട്. ഇതുപോലെ മറ്റുള്ള പൊതു കുളങ്ങളും കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ച് മാലിന്യ വിമുക്തമാക്കിയാൽ വേനൽക്കാലത്ത് നാട്ടുകാർക്ക് പ്രയോജനകരമാകും. കിണറുകളിലെ ജലനിരപ്പ് ഉയർത്താനും കുളങ്ങൾക്ക് കഴിയും. ഇങ്ങനെ സംരക്ഷിക്കുന്ന കുളങ്ങളിൽ നഗരസഭയുടെ അനുമതിയോടെ മത്സ്യക്കൃഷിയും ചെയ്യാം. ഇത് നഗരസഭയ്ക്ക് ഒരു വരുമാന മാർഗമായി മാറും. ഒപ്പം തൊഴിൽ രഹിതരായ ചെറുപ്പക്കാരെ മത്സ്യകൃഷിയിലേക്ക് ആകർഷിക്കാനും കഴിയും.
വ്യാപക കൈയേറ്റം
നിലവിൽ മിക്ക കുളങ്ങളും വഴിക്കിണറുകളും മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഇടവുമായി മാറുകയാണ്. കുളങ്ങളുടെ കൈയേറ്രവും വ്യാപകമായി നടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഉൾ പ്രദേശങ്ങളിലുള്ള കുളങ്ങളാണ് പൂർണമായും കൈയേറ്റത്തിന് വിധേയമാകുന്നത്.