കൊല്ലം: ചവറയുടെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതിയ അപൂർവ വ്യക്തിത്വത്തിന് ഉടമയായിരുന്നു അന്തരിച്ച ചവറയുടെ എം.എൽ.എ വിജയൻ പിള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചവറ തട്ടാശേരിയിൽ സംഘടിപ്പിച്ച എൻ. വിജയൻപിള്ളയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനവും വിജയൻ പിള്ള ഫൗണ്ടേഷന്റെ ഉദ്ഘാടനവും ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിജയൻ പിള്ളയെ പോലുള്ള നേതാക്കൾ പൊതുപ്രവർത്തകരിൽ വിരളമാണ്. സുഖമില്ലാതെ കിടന്നപ്പോഴും ചവറയുടെ വികസനം മാത്രം മുന്നിൽ കണ്ടാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. നാടിന്റെ പ്രശ്നങ്ങളെ കരുതലോടെ കണ്ട നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ അദ്ധ്യക്ഷനായി. വിജയൻപിള്ള സ്മരണിക പ്രകാശനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. കാഴ്ച പരിമിതർക്കുള്ള പെൻഷൻ വിതരണം മന്ത്രി കെ. രാജു നിർവഹിച്ചു.
എം.എൽ.എ മാരായ ആർ. രാമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ, കെ. സോമപ്രസാദ് എം.പി, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഡോ. സുജിത്ത് വിജയൻ പിള്ള, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. വരദരാജൻ, സൂസൺ കോടി, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ, എൽ.ഡി.എഫ് ചവറ മണ്ഡലം കമ്മിറ്റി കൺവീനർ ഐ. ഷിഹാബ്, സി.പി.എം ചവറ ഏരിയാ സെക്രട്ടറി ടി. മനോഹരൻ, സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.ബി. രാജു, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജി. മുരളീധരൻ, രാജമ്മ ഭാസ്കരൻ, ആർ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.