rr

കൊല്ലം: എസ്.എൻ ട്രസ്റ്റ് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ ഇന്നലെ എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര, ചാത്തന്നൂർ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തി. വരും ദിവസങ്ങളിൽ കൂടുതൽ ശ്രീനാരായണീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തും.

 ഒരിഞ്ചുഭൂമിപോലും വിട്ട് നൽകില്ല: ചാത്തന്നൂർ യൂണിയൻ

ചാത്തന്നൂർ: ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്റെ മറവിൽ എസ്.എൻ ട്രസ്റ്റിന്റെ ഭൂമി കൈയേറാനുള്ള നീക്കത്തിൽ എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ കൗൺസിൽ യോഗം പ്രതിഷേധിച്ചു.
ബോധപൂർവമാണ് എസ്.എൻ.ട്രസ്റ്റ് ഭൂമി കൈയേറാൻ ശ്രമിക്കുന്നത്.
യോഗനേതൃത്വം നിർദ്ദേശിക്കുന്ന സമര പരിപാടികളുമായി വരും ദിവസങ്ങളിൽ മുന്നോട്ടുപോകും. പീരങ്കി മൈതാനത്തെ ഭൂമി പാട്ടത്തിന് വാങ്ങിയെടുത്തതിന്റെ പേരിൽ ആർ.ശങ്കറിന് ഏറെ പഴികേൾക്കേണ്ടി വന്നു. ഇവിടെ എസ്.എൻ കോളേജും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയർന്നപ്പോൾ പിന്നാക്കക്കാരുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളാണ് യാഥാർത്ഥ്യമായത്.
അപവാദങ്ങൾ മുഖവിലയ്ക്കെടുക്കാതെ ആർ.ശങ്കർ ഭൂമി നേടിയെടുത്തതും കോളേജ് ആരംഭിച്ചതും ഈ ലക്ഷ്യത്തോടെയാണ്. ഇപ്പോഴത്തെ നീക്കത്തിൽ നിന്ന് സ്പോർട്സ് കൗൺസിൽ പിന്മാറിയില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് യൂണിയൻ കൗൺസിൽ യോഗം മുന്നറിയിപ്പ് നൽകി.
യൂണിയൻ വൈസ് പ്രസിഡന്റ്‌ ഡി. സജീവ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ. വിജയകുമാർ, കൗൺസിൽ അംഗങ്ങളായ കെ.സുജയ് കുമാർ, കെ. ചിത്രാംഗതൻ, പി.സോമരാജൻ, കെ. നടരാജൻ, ആർ. ഗാന്ധി, ആർ. ഷാജി, ആർ. അനിൽകുമാർ, വി. പ്രശാന്ത് എന്നിവർ സംസാരിച്ചു.

 എന്തുവില കൊടുത്തും ഭൂമി സംരക്ഷിക്കും: കൊട്ടാരക്കര യൂണിയൻ

കൊല്ലം: എസ്.എൻ ട്രസ്റ്റിന് അവകാശപ്പെട്ട ഭൂമി കൈയേറാനുള്ള സ്പോർട്സ് ഡയറക്ടറേറ്റിന്റെ നടപടിയിൽ കൊട്ടാരക്കര എസ്.എൻ.ഡി.പി യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചു. ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും സ്വത്ത്‌ വകകൾക്കും നേരെ നടക്കുന്ന ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമാണ് കൊല്ലം എസ്. എൻ കോളേജിനോട് ചേർന്ന് കിടക്കുന്ന ട്രസ്റ്റ്‌ ഭൂമി കൈയേറാനുള്ള സ്പോർട്സ് കൗൺസിലിന്റെ തീരുമാനം. മഹാനായ ആർ. ശങ്കർ ഈഴവ സമുദായത്തിന് നേടിത്തന്ന ഭൂമി സ്വന്തമാക്കാനുള്ള കുത്സിത ശ്രമം വിലപ്പോകില്ല. എന്ത് വില കൊടുത്തും ട്രസ്റ്റ്‌ വക സ്വത്തുക്കൾ സംരക്ഷിക്കും. ഭൂമി കൈയേറാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ സ്പോർട്സ് ഡയറക്ടറേറ്റ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് കൊട്ടാരക്കര യൂണിയൻ നേതൃത്വം നൽകുമെന്നും സഹോദര യൂണിയനുകൾ നടത്തുന്ന സമര പരിപാടികൾക്ക് പിന്തുണയ്ക്കുമെന്നും യൂണിയൻ കൗൺസിൽ പ്രഖ്യാപിച്ചു. യൂണിയൻ പ്രസിഡന്റ്‌ സതീഷ് സത്യപാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ്‌ അഡ്വ. എം.എൻ. നടരാജൻ, യൂണിയൻ സെക്രട്ടറി അഡ്വ. പി. അരുൾ,​ മുൻ സെക്രട്ടറിയും നിയുക്ത ബോർഡ് അംഗവുമായ ജി. വിശ്വംഭരൻ, യോഗം ബോർഡ്‌ അംഗങ്ങളായ അഡ്വ. സജീവ് ബാബു, അഡ്വ. എൻ. രവീന്ദ്രൻ, നിയുക്ത ബോർഡ്‌ അംഗം അനിൽ ആനക്കോട്ടൂർ തുടങ്ങിയവർ സംസാരിച്ചു.