കൊല്ലം: അടുക്കളയിൽ നിന്ന് അരങ്ങിലെത്തി വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്ക് ലോക വനിതാദിനത്തിൽ നാടിന്റെ ആദരം. ജില്ലയിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഇന്നലെ വനിതാദിനം സമുചിതമായി ആചരിച്ചു.
കൊട്ടിയം ഹോളിക്രോസിൽ
കൊട്ടിയം ഹോളിക്രോസ് ആശുപത്രിയുടെ വനിതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സ്കൂട്ടർ റാലി, ഫ്ലോട്ട്, തീം ഡാൻസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ നോറ കോട്ടയ്ക്കൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കവയിത്രിയും കഥാകൃത്തുമായ എം.ആർ. ജയഗീത വനിതാദിന സന്ദേശം നൽകി. ബെസ്റ്റ് സ്‌ലോഗൻ അവതരണത്തിന് രഞ്ജു പി. ജോർജിന് കൊട്ടിയം വനിതാ എസ്.ഐ സംഗീത ഉപഹാരം നൽകി. ജീവൻരക്ഷാ പ്രവർത്തനത്തിന് ജില്ലാ കളക്ടറിൽ നിന്ന് മെമന്റോ ലഭിച്ച അനുമാത്യു, മേരി താലിയ എന്നിവരെ അനുമോദിച്ചു. ചീഫ് നേഴ്സിംഗ് ഓഫീസർ സിസ്റ്റർ ഷെറിൻ തോമസ് സമ്മാനദാനം നിർവഹിച്ചു. ഫാ. ടോണി കുഴിപ്പള്ളിയിൽ, എച്ച്.ആർ മാനേജർ സിസ്റ്റർ സുമിതാ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
ആയുർവേദ മെഡിക്കൽ അസോ.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം സമുചിതമായി ആചരിച്ചു. ജില്ലയിലെ ഏറ്റവും മുതിർന്ന വനിതാ ഡോക്ടറായ ഡോ. എം.ആർ. ശ്രീദേവിയെ ചടങ്ങിൽ ആദരിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. പവിത്ര ഉദ്ഘാടനം ചെയ്തു. ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. രജിത് ആനന്ദ്, എ.എം.എ.ഐ ജില്ലാ വനിതാ കമ്മിറ്റി ചെയർപേഴ്സൺ ഡോ. അമ്പിളികുമാരി, ഡോ.ഗീത, ഡോ. ഷെറീസി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പ്രസവാനന്തര ചികിത്സ എന്ന വിഷയത്തിൽ ഡോ.ആർ. രാജലക്ഷ്മി ക്ലാസ് നയിച്ചു.
നാഷണൽ പബ്ലിക് സ്കൂളിൽ
തഴുത്തല നാഷണൽ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വനിതാദിനാചരണം മുഖത്തല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. ട്രാവൻകൂർ മെഡിസിറ്റിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രസന്നകുമാരി, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. ദേവീരാജ്, സി.ബി.എസ്.ഇ വിഭാഗത്തിൽ മികച്ച അദ്ധ്യാപികയ്ക്കുള്ള പ്രസിഡന്റിന്റെ അവാർഡ് നേടിയ ഡോ. ദീപാ ചന്ദ്രൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആർ. സിന്ധു എന്നിവരെ ചടങ്ങിൽ ആദരിച്ചു. നജ സ്വാഗതവും ആലിയ നൗഷാദ് നന്ദിയും പറഞ്ഞു.