
കൊല്ലം: ക്വാറികളിൽ ഖനനം നടത്തുന്നതിന് സംസ്ഥാനത്ത് അനുമതിയുള്ളത് പ്രഹരശേഷികുറഞ്ഞ നോണൽ ഡിറ്റണേറ്ററിന് മാത്രമാണെന്നിരിക്കെ ദൂരപരിധിയിൽ കടുംപിടുത്തം തുടരുകയാണ് അധികൃതർ. അന്യസംസ്ഥാനങ്ങളിൽ ഇതിന്റെ നൂറിരട്ടി പ്രഹരശേഷിയും പ്രകമ്പനവുമുള്ള വാഗൺഡ്രിൽ ഖനനമാണ് നടത്തുന്നത്. എന്നിട്ടും അവിടെയും ഇതേ ദൂരപരിധിയും നിയമങ്ങളുമാണ് പിന്തുടരുന്നത്.
മണ്ണിടിച്ചിൽ, ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് വിള്ളൽ, ജീവജാലങ്ങൾക്ക് ദോഷകരം എന്നിവ ഒഴിവാക്കാനാകുന്ന സാങ്കേതിക വിദ്യയാണ് നോണൽ ഡിറ്റണേറ്റർ. ഇത് സിയാ (സംസ്ഥാന പരിസ്ഥിതി ആഘാത നിഗമന അതോറിറ്റി) അംഗീകരിച്ചിട്ടുള്ളതാണ്. 2019 ആഗസ്റ്റിലെ ക്വാറികളുടെ പരിസ്ഥിതി ആഘാത പഠനത്തിൽ നോണൽ ഡിറ്റണേറ്ററുകൾ ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാകില്ലെന്നും അതോറിറ്റി വിലയിരുത്തിയിരുന്നു.
2012 നും 2019 നും ഇടയിൽ സംസ്ഥാനത്തൊട്ടാകെ നിരവധി ക്വാറികൾക്ക് സിയാ പാരിസ്ഥിതിക അനുമതി നൽകിയിരുന്നു. സോണൽ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന വ്യവസ്ഥ അന്ന് നിർബന്ധമാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ദേശീയ ഹരിത ട്രൈബ്യൂണൽ ഇരുനൂറ് മീറ്റർ ദൂരപരിധിയുടെ പേരിൽ ക്വാറികളുടെ അനുമതിക്ക് തടയിടുകയായിരുന്നു. ഇത്തരം ഖനനത്തിൽ പാറ തെറിക്കുകയോ, ശബ്ദം, പ്രകമ്പനം എന്നിവ ഉണ്ടാകുകയുമില്ല. എന്നിട്ടും ദേശീയഹരിത ട്രൈബ്യൂണൽ കടുംപിടുത്തം പിടിക്കുന്നത് അന്യസംസ്ഥാന ക്വാറി കുത്തകകളെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്.
നോണൽ ഡിറ്റണേറ്റർ
കെട്ടിടങ്ങൾ പൊളിക്കുന്നതിനും ഖനികളിലും ക്വാറികളിലും പാറ പൊട്ടിക്കുന്നതിനും സ്ഫോടനം നടത്തുന്നതിനായി രൂപകൽപ്പന ചെയ്ത സാങ്കേതിക വിദ്യയാണ് നോണൽ ഡിറ്റണേറ്റർ. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ഷോക്ക് ട്യൂബ് വൈദ്യുതി പ്രവാഹവുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളിൽ നിന്ന് സംരക്ഷിക്കും. ചെറിയ വ്യാസത്തിൽ മൂന്ന് പാളികളുള്ള ഒരു പ്ലാസ്റ്റിക് ട്യൂബ്, സംരക്ഷണപാളിയായി റിയാക്ടീവ് സ്ഫോടനാത്മക സംയുക്തം എന്നിവ ഇതിലുണ്ടാകും. ഇത് കത്തിച്ച് ശക്തി കുറഞ്ഞ ഊർജ്ജ സിഗ്നൽ പുറപ്പെടുവിച്ച് സ്ഫോടനം സാദ്ധ്യമാക്കുന്നു. വിശ്വാസ്യതയും കൃത്യതയും നൽകുന്നതിന് കുഷ്യൻ ഡിസ്ക് (സി.ഡി), ഡിലേ ഇഗ്നിഷൻ ബഫർ (ഡി.ഐ.ബി) എന്നിവയുൾപ്പെടെ പേറ്റന്റ് നേടിയ സാങ്കേതികവിദ്യകൾ നോണൽ ഡിറ്റണേറ്ററുകളുടെ രൂപകൽപ്പനയിലുണ്ട്.
വാഗൺഡ്രിൽ ഖനനം
ക്വാറികളിൽ 90 മുതൽ 120 മില്ലിമീറ്റർ വ്യാസത്തിൽ 36 മീറ്റർ വരെ തുരന്ന് കുഴികളുണ്ടാക്കിയ ശേഷം 60 മുതൽ 100 കിലോഗ്രാം വരെ സ്ഫോടനമിശ്രിതം നിറച്ച് ഉഗ്രശേഷിയുള്ള സ്ഫോടനം നടത്തി പാറഖനനം നടത്തുന്നു. തൊട്ടടുത്ത് കെട്ടിടങ്ങളുണ്ടെങ്കിൽ അവയ്ക്ക് നാശനഷ്ടങ്ങൾ സംഭവിക്കും. ജോലിക്കാരുൾപ്പെടെയുള്ളവർക്ക് സുരക്ഷിതത്വം കുറവുമുള്ള സാങ്കേതിക വിദ്യയാണിത്. കൂടുതലായും ഖനികളിൽ ഉപയോഗിക്കുന്നതരം സാങ്കേതികവിദ്യയാണിത്. ചക്രങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഡ്രില്ലുകൾ ലംബതലത്തിൽ കുഴിക്കാൻ കഴിവുള്ളവയും വാഹനം പോലെ നീക്കി മാറ്റാൻ കഴിവുള്ളവയുമാണ്.