
കൊല്ലം: ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗം ബ്രിട്ടനിലെ ലീഡ്സ് സർവകലാശാലയുമായി ഗവേഷണത്തിനും പരിശീലന പരിപാടികൾക്കുമായി ധാരണാപത്രം ഒപ്പിട്ടു. ലീഡ്സ് സർവ്വകലാശാല സെക്രട്ടറി റോജർ ഗയറും ടി.കെ.എം എൻജിനിയറിംഗ് കോളേജിനെ പ്രതിനിധീകരിച്ച് കോളേജ് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസലിയാരും പ്രിൻസിപ്പൽ ഡോ. ടി. എ. ഷാഹുൽ ഹമീദുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
കോളേജ് ട്രസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. എം. സിറാജുദ്ദീൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസലിയാരിൽ നിന്ന് ധാരണാപത്രം ഏറ്റുവാങ്ങി. ട്രസ്റ്റ് ട്രഷറർ ജനാബ് ജലാലുദ്ദീൻ മുസലിയാർ, ട്രസ്റ്റ് അംഗങ്ങളായ ജനാബ് ടി.കെ. ജമാലുദ്ദീൻ മുസലിയാർ, ഡോ. എം. ഹാറൂൺ, ജനാബ് അഫ്സൽ മുസലിയാർ, പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽ ഹമീദ്, പദ്ധതി കോ ഓർഡിനേറ്റർ ഡോ. എസ്. ആദർശ്, അന്താരാഷ്ട്ര സഹകരണത്തിനായുള്ള ഡീൻ ഡോ. കെ. ഇ. റെബി റോയ് എന്നിവർ പങ്കെടുത്തു.
ലോക റാങ്കിങ്ങിൽ ആദ്യ നൂറ് സർവകലാശാലകളിൽ ഉൾപ്പെടുന്ന ഒരു സർവ്വകലാശാലയുമായി ഇതാദ്യമായാണ് ഇത്തരം ധാരണാപത്രം. പഠന ഗവേഷണ പ്രവർത്തനങ്ങൾക്കായി അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പരസ്പരം കൈമാറുക, പരസ്പര സഹകരണത്തോടെ അന്താരാഷ്ട്ര തലത്തിൽ സമ്മേളനങ്ങൾ, സെമിനാറുകൾ എന്നിവ നടത്തുക, ഗവേഷണത്തിനായുള്ള അന്തരാഷ്ട്ര കൺസോർഷ്യം സ്ഥാപിക്കുക എന്നിവയെല്ലാം ധാരണാപത്രം ലക്ഷ്യമിടുന്നു.