atm

ചാത്തന്നൂർ: എ.ടി.എം പണത്തിന് പകരം പണികൊടുത്തതോടെ ഉറക്കമൊഴിഞ്ഞ് കൗണ്ടറിന് കാവലിരുന്ന് ഇടപാടുകാരൻ. പാരിപ്പള്ളി സ്വദേശി റോയിക്കാണ് പാരിപ്പള്ളി ജംഗ്ഷനിലെ പൊതുമേഖലാ ബാങ്കിന്റെ എം.ടി.എം കൗണ്ടർ തകരാറിലായതിനെ തുടർന്ന് ദുരനുഭവമുണ്ടായത്.

തിങ്കളാഴ്ച രാത്രിയായായിരുന്നു സംഭവം. പണമെടുക്കുന്നതിനായി എ.ടി.എം കൗണ്ടറിലെത്തിയ റോയി കാർഡ് മെഷീനിലേയ്ക്ക് കടത്തുകയും ഇടപാടിനായി പിൻ നമ്പർ അടക്കം നൽകുകയും ചെയ്തു. പണം വരുന്നത് കാത്തുനിൽക്കവേ മെഷീൻ തകരാറിൽ ആണെന്ന് സ്‌ക്രീനിൽ തെളിഞ്ഞു. കാർഡ് തിരിച്ചെടുക്കാനും കഴിഞ്ഞില്ല. ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ എ.ടി.എം കൗണ്ടറിന്റെ ഷട്ടർ താഴ്ത്തി വീട്ടിൽ പോകാനായിരുന്നു നിർദ്ദേശം.

പണം കിട്ടുന്നത് വരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായതിനാലും എ.ടി.എം കാർഡ് മെഷീനിൽ കുടുങ്ങിയതിനാലും നിസഹായനായ റോയി കാത്തുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. മണിക്കൂറുകൾ പിന്നിട്ടിട്ടും കാർഡ് തിരിച്ചുകിട്ടാതായതോടെ വീട്ടിലേക്ക് മടങ്ങിയ റോയിക്ക് ഇന്നലെ ഉച്ചയോടെയാണ് ബാങ്ക് അധികൃതർ കൗണ്ടറിലെത്തി കാർഡ് മടക്കിനൽകിയത്. അതേസമയം, ഈ കൗണ്ടർ മാസങ്ങളായി തകരാറിലാണെന്ന് നാട്ടുകാർ പറയുന്നു.