കൊല്ലം: കൊല്ലം റൂറൽ എസ്.പി ഓഫീസ് ആസ്ഥാന മന്ദിരം നിർമ്മാണം തുടങ്ങിയിട്ട് അഞ്ച് വർഷമായി ഇതുവരെ പൂർത്തിയായിട്ടില്ല. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ എസ്.പി ഓഫീസിന് വേണ്ടി ശിലയിട്ടിരുന്നു. പിന്നീട് ഇടത് സർക്കാർ അധികാരമേറ്റതോടെ മറ്റൊരിടത്തേക്ക് മാറ്റി നിർമ്മിക്കാൻ ആദ്യം ആലോചിച്ചുവെങ്കിലും പിന്നീട് ഇവിടെത്തന്നെ നിർമ്മാണം തുടങ്ങുകയുമായിരുന്നു. കരാറുകാരന് കൃത്യമായി ഫണ്ട് ലഭ്യമാക്കാതെ വന്നതോടെ പലതവണ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയതുമാണ്. ഇപ്പോൾ പൂർത്തീകരണത്തിന്റെ ഘട്ടത്തിലാണെന്ന് അധികൃതർ പറയുന്നു.
അസൗകര്യങ്ങളിൽ നിന്ന് മോചനം
14,466 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. കോൺക്രീറ്റ് ജോലികൾ ഉൾപ്പടെ പൂർത്തിയാക്കി ഭിത്തി കെട്ടിമറയ്ക്കലും സിമന്റ് പൂശും പൂർത്തിയാക്കിയിട്ടുണ്ട്. ഒന്നര കോടി രൂപ മുടക്കിയാണ് നിർമ്മാണം. ഇതിനൊപ്പം തൊണ്ണൂറ് ലക്ഷം രൂപകൂടി അധികമായി അനുവദിച്ചിട്ടുണ്ട്. റൂറൽ ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് അനുവദിച്ചതിനാൽ ഹൈടെക് സംവിധാനമുള്ള ആസ്ഥാന മന്ദിരം അതിവേഗം പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്. റസ്റ്റ് ഹൗസിനോട് ചേർന്ന പി.ഡബ്ളിയു.ഡി കെട്ടിടത്തിലാണ് അസൗകര്യങ്ങളുടെ നടുവിൽ എസ്.പി ഓഫീസ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. എസ്.പിയെ കാണാനെത്തുന്നവർ ഏറെനേരം വരാന്തയിൽ ഇരിക്കേണ്ട ഗതികേടിലാണ്. ഫ്രണ്ട് ഓഫീസ്, ഡിവൈ.എസ്.പിമാരുടെ ഓഫീസുകൾ, സാങ്കേതിക വിഭാഗങ്ങൾ തുടങ്ങിയവ പരിമിത സൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. 20 പൊലീസ് സ്റ്റേഷനുകളും എസ്.പി അടക്കം 2300 പൊലീസ് ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് റൂറൽ പൊലീസ് ജില്ല. ഹെഡ് ക്വാർട്ടേഴ്സ് ആയതോടെ അംഗബലം ഇനിയും കൂടും.
ഹൈടെക് സൗകര്യങ്ങൾ
പട്ടണത്തിലെ തിരക്കിൽ നിന്ന് ഒഴിഞ്ഞ് കൊട്ടാരക്കര തൃക്കണ്ണമംഗൽ ഗാന്ധിമുക്കിന് സമീപം മുമ്പ് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കോമ്പൗണ്ടിലാണ് എസ്.പി ഓഫീസിന്റെ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്. കല്ലട ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനൽകിയതാണ്. ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷൻ, റസ്റ്റ് റൂം, കാഷ് കൗണ്ടർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസ്, ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ഓഫീസ്, ശൗചാലയങ്ങൾ എന്നിവയും ഒന്നാം നിലയിൽ എസ്.പിയുടെ ക്യാബിൻ, ഓഫീസ് ലോഞ്ച്, വിശ്രമ മുറികൾ, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിയുടെ ഓഫീസ്, ഭരണ വിഭാഗം ഡിവൈ.എസ്.പി ഓഫീസ്, നാർകോട്ടിക് സെൽ, സൈബർ സെൽ, വനിതാസെൽ, ശൗചാലയങ്ങൾ എന്നിവയും രണ്ടാം നിലയിൽ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം, അക്കൗണ്ട്സ് മാനേജർ ഓഫീസ്, മിനിസ്റ്റീരിയൽ വിഭാഗം, കോൺഫറൻസ് ഹാൾ, റിക്കോർഡ്സ് റൂം, ടൊയ്ലറ്റുകൾ എന്നിവയുമാണ് സജ്ജമാക്കുക.