chemmanmukku
ചെമ്മാൻമുക്ക് കണ്ണനല്ലൂർ റോഡിൽ പൈപ്പുകൾ സ്ഥാപിച്ച ഇടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നു

 ഗതാഗതക്രമീകരണം വേണമെന്ന ആവശ്യത്തിന് പുല്ലുവില

കൊല്ലം: വെള്ളക്കെട്ടിൽ നീന്തണം, ചെളിയിൽ വീഴാതെ ചാടണം, മണ്ണിൽ പുതയാതെ നീങ്ങണം. ഇതാണ് ഇപ്പോൾ ചെമ്മാൻമുക്ക്- കണ്ണനല്ലൂർ റോഡിലെ യാത്രക്കാരുടെ അവസ്ഥ. ഗതാഗത നിയന്ത്രണത്തിന്റെ പേരിൽ ട്രാഫിക് കോണുകൾ സ്ഥാപിച്ചതൊഴിച്ചാൽ ഈ ദുരിതയാത്രയ്ക്ക് പരിഹാരം കാണാൻ മറ്റ് നടപടികളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല.

ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്ന പണികൾ പുരോഗമിക്കുന്ന ഭാഗമാണ് ഇവിടം. റോഡ് പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ച ശേഷം മണ്ണിട്ട് മൂടുന്നയിടങ്ങളിൽ വാഹനങ്ങൾ പുതയുന്നതും ഇതുമൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു.

മണ്ണിട്ട് മൂടിയ ഭാഗങ്ങളിൽ പൊടിശല്യം ഉണ്ടാകാതിരിക്കാൻ രാവിലെയും വൈകിട്ടും വെള്ളമൊഴിക്കുന്നതിനാൽ ചെളിക്കുണ്ടായി മാറിയിരിക്കുകയാണ് ഇവിടം. ഈ വെള്ളം റോഡരികിൽ കെട്ടിക്കിടക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് കണ്ണനല്ലൂർ ഭാഗത്ത് നിന്നുവന്ന സ്വിഫ്റ്റ് കാർ ചെളിയിൽ പുതഞ്ഞത് ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കിന് കാരണമായി. സമീപവാസികളും ചില യാത്രക്കാരും പരിശ്രമിച്ചാണ് കാർ ഉയർത്തി മാറ്റിയത്.

 കുരുക്കഴിക്കാൻ ഇടപെടലുണ്ടാകണം

റോഡ് പുനർനിർമ്മിക്കാൻ താമസം നേരിടുമെന്നിരിക്കെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തയാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പ്രദേശവാസികൾ മാത്രമാണ് മറ്റ് റോഡുകൾ ആശ്രയിക്കുന്നത്. കുളത്തൂപ്പുഴ, ആയൂർ തുടങ്ങിയ ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർ നഗരത്തിലെത്താൻ ഉപയോഗിക്കുന്ന പ്രധാനപാത കൂടിയാണിത്. വലിയ വാഹനങ്ങളൊഴികെയുള്ളവ ഇടറോഡുകളിലൂടെ കടത്തിവിടുന്ന തരത്തിൽ ഗതാഗതം ക്രമീകരിക്കുകയും പോയിന്റ് ഡ്യൂട്ടിക്ക് ട്രാഫിക് വാർഡന്മാരെ നിയോഗിക്കുകയും ചെയ്‌താൽ തന്നെ ഗതാഗതക്കുരുക്കിന് വലിയൊരളവ് ആശ്വാസമാകും.