ഓയൂർ: അമ്പലംകുന്ന് ചെറുവക്കലിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു. കാറിനുള്ളിൽ കുടുങ്ങിപ്പോയ യുവാവിനെ സഹോദരൻ സാഹസികമായി രക്ഷപെടുത്തി. ഇന്നലെ വൈകിട്ട് നാലോടെയാണ് സ്വിഫ്ട് കാറിന് തീപിടിച്ചത്. തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിലെ ട്രെയിനർ അമ്പലംകുന്ന് ചെങ്കൂർ കൂമ്പല്ലൂർക്കാവ് തോട്ടത്തിൽ വീട്ടിൽ അജിത് കുമാർ(44), സഹോദരൻ അനിൽ(41) എന്നിവരാണ് കാറിൽ സഞ്ചരിച്ചിരുന്നത്.
സഹോദരൻ അനിലിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങുമ്പോഴാണ് സംഭവം. അജിത് കുമാറാണ് കാർ ഓടിച്ചിരുന്നത്.
അമ്പലംകുന്ന് ഇളവൂർ പള്ളിക്ക് സമീപത്ത് വച്ച് കാറിന്റെ മുന്നിൽ നിന്ന് പുക ഉയർന്നു. കാർ നിറുത്തി പുറത്തിറങ്ങിയ അജിത്കുമാർ സമീപത്തെ വീട്ടിൽ നിന്ന് വെള്ളവുമായി വരുന്നതിനിടെ വൻശബ്ദത്തോടെ തീ ആളിപ്പടർന്നു. ഇടതു വശത്തെ മുൻ സീറ്റിലിരുന്ന അനിലിന് ഡോർ ലോക്കായതിനാൽ തുറക്കാനായില്ല. നാട്ടുകാർ ഓടിക്കൂടിയെങ്കിലും ആരും പേടിച്ച് കാറിനടുത്തേക്ക് പോയില്ല. ഓടിയെത്തിയ അജിത് കുമാർ ഡ്രൈവറുടെ വശത്തെ വാതിൽ തുറന്ന് അനുജനെ അതിവേഗം രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവർക്കും പരിക്കില്ല. കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സും പൂയപ്പള്ളി പൊലീസും സ്ഥലത്തെത്തുമ്പോഴേക്ക് കാർ പൂർണമായും കത്തിനശിച്ചു.