
തൃശൂർ: മകൾക്ക് വിവാഹ ആലോചനയുമായെത്തിയ പ്രതിശ്രുത വരൻ ഇങ്ങനെയൊരു ചതിയിൽ തന്നെ പെടുത്തുമെന്ന് തൃശൂർ കൊടകര സ്വദേശിനി അനിത സ്വപ്നത്തിൽപോലും വിചാരിച്ചതല്ല. എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ കൊടകര പൊലീസ് അറസ്റ്റ് ചെയ്ത കൊട്ടാരക്കര സ്വദേശി എയർഫോഴ്സ് അരുണെന്ന അരുണിന്റെ കൂട്ടാളിയായ കൊടകര പന്തല്ലൂർ കടവിൽ വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ അനിതയാണ് മകളുടെ പ്രതിശ്രുതവരനായെത്തിയ തട്ടിപ്പുകാരന്റെ ചതിയിൽ കുടുങ്ങി ഇരുമ്പഴിക്കുള്ളിലായത്.
തട്ടിപ്പ് കേസുകളിൽ പ്രതി
കൊട്ടാരക്കര സ്വദേശിയും നിരവധി തട്ടിപ്പ് കേസിൽ പ്രതിയുമാണ് എയർഫോഴ്സെന്ന പേരിൽ അറിയപ്പെടുന്ന അരുൺ. അരുണിന്റെ പിതാവ് റിട്ട.വ്യോമസേന ഉദ്യോഗസ്ഥനാണ്. അച്ഛന്റെ പരിചയത്തിൽ താംബരത്ത് വ്യോമസേനാ കേന്ദ്രത്തിൽ താത്കാലിക ജീവനക്കാരനായി അരുണും കുറേ വർഷങ്ങൾക്ക് മുമ്പ് പാർട്ട് ടൈം ജോലി ചെയ്തിരുന്നു. എയർഫോഴ്സിലെ താത്ക്കാലിക ജോലി മുതലെടുത്ത് അതിനെ മറയാക്കി തട്ടിപ്പിനിറങ്ങിത്തിരിച്ചതാണ് അരുണിന് എയർഫോഴ്സെന്ന വട്ടപ്പേര് വീഴാൻ ഇടയാക്കിയത്. കൊല്ലത്തും കൊട്ടാരക്കരയിലും തന്റെ പരിചയക്കാരും സുഹൃത്തുക്കളുമായ നിരവധി പേരിൽനിന്ന് എയർഫോഴ്സിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്താണ് അരുണിന്റെ തട്ടിപ്പുകളുടെ തുടക്കം. അച്ഛൻ എയർഫോഴ്സിലായിരുന്നതിനാലും അരുണിനും താംബരത്ത് ജോലിയുള്ളതിനാലും ആർക്കും സംശയമൊന്നും തോന്നിയിരുന്നില്ല.
കേസായപ്പോൾ നാടുവിട്ടു
പണം നൽകിയ പലർക്കും പറഞ്ഞ കാലാവധികളൊക്കെ കഴിഞ്ഞശേഷവും പണിയില്ലാതായപ്പോഴാണ് അമളി മനസിലായത്.. കേസും വഴക്കുമായി നാട്ടിൽ നിൽക്കള്ളിയില്ലാതായപ്പോഴാണ് അരുൺ ഏതാനും വർഷം മുമ്പ് കൊല്ലം വിട്ടത്. വടക്കൻ കേരളത്തിലേക്ക് വച്ചുപിടിച്ച അരുൺ തൃശൂർ, മലപ്പുറം ജില്ലകളിലാണ് കഴിഞ്ഞ കുറേ നാളായി കഴിഞ്ഞുവന്നത്. ഇവിടെയും എയർഫോഴ്സ് ജീവനക്കാരനെന്ന നിലയിലാണ് അരുൺ ആളുകളെ പരിചയപ്പെട്ടത്. ആഡംബര ബൈക്കുകളിലും കാറുകളിലും ചുറ്റിക്കറങ്ങിയും ഇടയ്ക്കിടെ തമിഴ്നാട്ടിലേക്ക് പോയിവന്നും ആളുകളുടെ വിശ്വാസം ആർജിച്ച അരുൺ വിവാഹ ആലോചനയിലൂടെയാണ് അനിതയുടെ വീടുമായി അടുത്തത്.
ഇരുപതുകാരിയെ നോട്ടമിട്ടു
ചെന്നൈയിൽ ഭാര്യയും മൂന്ന്കുട്ടികളുമുള്ള അരുൺ ഇക്കാര്യങ്ങളെല്ലാം രഹസ്യമാക്കിവച്ചാണ് അനിതയുടെ ഇരുപതുകാരിയായ മകളെ വിവാഹം കഴിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത്. ജോലിയും തരക്കേടില്ലാത്ത ചുറ്റുപാടുകളുമുണ്ടെന്ന് തോന്നിയ അനിതയ്ക്കും ഭർത്താവിനും വിവാഹത്തിന് വിയോജിപ്പൊന്നുമുണ്ടായില്ല. വിവാഹത്തിന് മുമ്പ് സ്വന്തമായി ഒരുവീട് വാങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ച അരുൺ വീടുവാങ്ങിയശേഷം ഒരുവർഷത്തിനകം വിവാഹം കഴിക്കാമെന്ന് ഇവർക്ക് വാക്കുനൽകി. അരുണിനെ ഇവർ വിശ്വസിച്ചതോടെ അനിതയുടെ വീട്ടിൽ നിത്യസന്ദർശകനായി. അനിതയുടെ ബന്ധുക്കളായ ചിലർക്ക് എയർഫോഴ്സിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനിത മുഖാന്തിരം അവരിൽ നിന്ന് രണ്ട് ലക്ഷം രൂപവീതം അരുൺ വാങ്ങി. കൊവിഡിന് മുമ്പായിരുന്നു പണം ഇടപാടുകൾ.കൊവിഡ് കഴിഞ്ഞാലുടൻ ജോലിയിൽ പ്രവേശിക്കാമെന്നും തമിഴ്നാട്ടിലായിരിക്കും ആദ്യം ജോലിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ച ഇയാൾ വീണ്ടും അനിതയും അവരുടെ ബന്ധുക്കളും മുഖാന്തിരം പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങി. പണം നൽകിയവർക്ക് ലോക് ഡൗൺ കഴിഞ്ഞിട്ടും ജോലി ലഭിക്കാതാകുകയും അരുണിന്റെ പരസ്പര വിരുദ്ധമായ മറുപടികളും വന്നതോടെ പലർക്കും സംശയം ഉയർന്നു.
ഭാവി മരുമകന്റെ തനിനിറം അറിഞ്ഞപ്പോൾ ഞെട്ടി
എയർഫോഴ്സിൽ ബാർബർ ജോലിക്കായി കഴിഞ്ഞവർഷം അനിത മുഖാന്തിരം ഒന്നര ലക്ഷം രൂപ നൽകിയ കൊടകര സ്വദേശി സതീഷ് കൊടകര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അനിതയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് തന്റെ ഭാവി മരുമകൻ ആകാനെത്തിയ അരുണാണ് പണം കൈക്കലാക്കിയതെന്നും ജോലി വാഗ്ദാനം ചെയ്തതെന്നും വ്യക്തമായത്. ബാങ്ക് മുഖാന്തിരമായിരുന്നു സതീഷ് പണം കൈമാറിയിരുന്നത്. ബാങ്ക് രേഖകൾ പരിശോധിച്ച് പണം കൈമാറിയെന്ന് ബോദ്ധ്യപ്പെട്ട പൊലീസ് അരുണിനെ ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തണമെന്ന് നിർദ്ദേശിച്ചെങ്കിലും അകത്താകുമെന്ന് അറിയാവുന്നതിനാൽ സ്റ്റേഷനിലെത്താൻ കൂട്ടാക്കിയില്ല. ഇതോടെ ഇയാളുടെ മൊബൈൽനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അരുണിനെ കർണാടകയിലെ ഹൊസൂരിൽ ഒളിച്ചുതാമസിച്ചിരുന്ന സ്ഥലത്ത് നിന്നും പൊലീസ് തന്ത്രപരമായി പൊക്കിയത്.
വാഗ്ദാനം താത്കാലിക ജോലി
വ്യോമസേനയിൽ താത്കാലിക ജോലി വാഗ്ദാനം ചെയ്ത് നൂറ്റമ്പതിലേറെ പേരിൽനിന്ന് ഇയാൾ കോടിയിലേറെ രൂപ തട്ടിയെടുത്തതായാണ് വിവരം. പണം തട്ടാൻ സഹായിച്ചതിന് അരുണിന്റെ കാമുകിയുടെ അമ്മ അനിതയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേരളത്തിലും തമിഴ്‌നാട്ടിലും ഇയാൾക്കെതിരെ സമാന വിഷയത്തിൽ കേസുകളുണ്ട്. വ്യോമസേനയിലെ ജിപ്‌സി വാഹനം കൊടുക്കാമെന്ന് പ്രലോഭിപ്പിച്ചും ചിലരിൽ നിന്ന് പണം തട്ടിയിട്ടുള്ളതായ വിവരവും പുറത്തായിട്ടുണ്ട്.
കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഒരു കോടിയോളം രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
നയിച്ചത് ആഡംബരജീവിതം, തിരുവനന്തപുരത്തും തട്ടിപ്പ് നടത്തി
കളമശ്ശേരിയിലും മറ്റ് സ്ഥലങ്ങളിലും വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി, തട്ടിയെടുത്ത പണം ഉപയോഗിച്ച് ചെന്നൈയിലും കർണാടകയിലെ ഹൊസൂരിലും കുടുംബസമേതം ആഡംബരജീവിതം നയിച്ചുവരുകയായിരുന്നു.
ഹൊസൂരിലും തട്ടിപ്പുകൾ നടത്താൻ ശ്രമിച്ചുവരുന്നതിനിടയിലാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കളമശ്ശേരി, കൊല്ലം, പാലക്കാട്, കൊരട്ടി, ആലുവ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
തട്ടിപ്പ് നടത്തി കിട്ടിയ പണം കൊണ്ട് മുന്തിയ തരം കാറുകളും വിലകൂടിയ മൊബൈൽ ഫോണും പ്രതി വാങ്ങിയിരുന്നു. പാങ്ങോട് പട്ടാള ക്യാമ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പരാതിയുണ്ടായിരുന്നു. തട്ടിപ്പ് കേസിൽ അരുണിനൊപ്പം അകത്തായെങ്കിലും തന്റെ മകളുടെ ജീവിതം തട്ടിപ്പുകാരനൊപ്പം കൂടി തുലയാതിരുന്നതിലാണ് അനിത ആശ്വസിക്കുന്നത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. കൂടുതൽ പേർ പരാതിയുമായി രംഗത്തുവന്നതോടെ വരും ദിവസങ്ങളിൽ ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കൊടകര സി.ഐ അറിയിച്ചു.