ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അവഗണിച്ചു
കൊല്ലം: തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊലീസ് റൂട്ട് മാർച്ച് പൊരിവെയിലത്തും നടത്തണമെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശം. രാവിലെ പത്ത് മുതൽ ഒന്ന് വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയും വിവിധയിടങ്ങളിൽ തുടർച്ചയായി മാർച്ച് നടത്തണമെന്നാണ് നിർദ്ദേശം. പകൽ പതിനൊന്ന് മുതൽ വൈകിട്ട് മൂന്ന് വരെ വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം തള്ളിയാണ് നിർബന്ധിത റൂട്ട് മാർച്ച്.
നിർജ്ജലീകരണം, സൂര്യാഘാതം എന്നിവയുണ്ടാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ആരോഗ്യവകുപ്പ് പൊതുനിർദ്ദേശം നൽകിയത്. എന്നാൽ ഇക്കാര്യങ്ങൾ പൊലീസിനെ ബാധിക്കില്ലെന്ന തരത്തിലാണ് റൂട്ട് മാർച്ച് സംഘടിപ്പിക്കുന്നത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നിന് കടപ്പുറത്ത് നാലുവരിപ്പാതയിൽ നടന്ന മാർച്ചിനിടെ കേന്ദ്രസേനയിലെ ചില ഉദ്യോഗസ്ഥർക്ക് അസ്വസ്ഥത ഉണ്ടായെങ്കിലും അവ അവഗണിച്ച് മാർച്ച് തുടരുകയായിരുന്നു. നേരത്തെ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി റൂട്ട് മാർച്ചുകൾ സംഘടിപ്പിക്കുമായിരുന്നു. എന്നാൽ അവ മിക്കപ്പോഴും വൈകുന്നേരങ്ങളിലായിരുന്നു. പ്രശ്നസാദ്ധ്യതയുള്ളിടങ്ങളിൽ മാത്രമാണ് രാവിലെ മാർച്ച് നടത്തിയിട്ടുള്ളത്.
 വശംകെട്ട് കേന്ദ്ര സേനാംഗങ്ങളും
സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സ് ഉൾപ്പെടെയുള്ള നൂറിലധികം കേന്ദ്ര സേനാംഗങ്ങളും ചേർന്നാണ് റൂട്ട് മാർച്ച്. മാർച്ച് നടത്തുന്നയിടങ്ങളിൽ അതാത് പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർ റാങ്കിലുള്ളവരും ഒപ്പം ഉണ്ടാകണമെന്നാണ് നിബന്ധന.