mannanthodu
മണ്ണാൻതോട്ടിൽ പുള്ളിക്കട കോളനിക്ക് സമീപം മാലിന്യം കെട്ടിനിൽക്കുന്നു

 മണ്ണാൻ തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നു

കൊല്ലം: 'സ്വതവേ ദുർബല, പിന്നെ ഗർഭിണിയും' എന്നതാണ് പുള്ളിക്കട കോളനിയുടെ അവസ്ഥ. അത്താഴ പട്ടിണിക്കാർ വസിക്കുന്ന നഗരകേന്ദ്രത്തിലെ പുള്ളിക്കട കോളനി ഇന്ന് മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. രാത്രിയുടെ മറവിൽ യഥേഷ്ടം നടക്കുന്ന മാലിന്യംതള്ളൽ മൂലം പകർച്ചവ്യാധി ഭീഷണിയിലാണ് ഇവിടത്തെ നൂറുകണക്കിന് കുടുംബങ്ങൾ.

കടപ്പാക്കട, കുറവൻപാലം, ശാന്തിനഗർ വഴി പുള്ളിക്കട കോളനിയിലൂടെ ഒഴുകുന്ന മണ്ണാൻതോട്ടിൽ ആശുപത്രി, കക്കൂസ് മാലിന്യം കെട്ടിനിൽക്കുകയാണ്. മണ്ണാൻതോട് അഷ്ടമുടിക്കായലിൽ പതിക്കുന്ന ഭാഗത്തുള്ള കലുങ്കിന്റെ അടിവശത്തായി നീരൊഴുക്ക് തടസപ്പെട്ടതോടെയാണ് പുള്ളിക്കട കോളനിക്ക് സമീപം മാലിന്യം കെട്ടിനിൽക്കാൻ തുടങ്ങിയത്. ഇതുമൂലം കോളനിവാസികളാകെ ഗുരുതരരോഗങ്ങളുടെയും പകർച്ചവ്യാധിയുടെയും വക്കിലാണ്.

 ഞങ്ങളും മനുഷ്യരാണ്

പുള്ളിക്കട കോളനിയുടെ പടിഞ്ഞാറ് ലിങ്ക് റോഡിനോട് ചേർന്നുള്ള ഭാഗത്ത് നഗരസഭയുടെ നേതൃത്വത്തിലാണ് മാലിന്യനിക്ഷേപം പൊടിപൊടിക്കുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ഇവിടെ കൂട്ടിയിട്ട് കത്തിക്കുന്നതും സ്ഥിരം കാഴ്ചയാണ്. ഇവിടെ നിന്നുയരുന്ന പുക ശ്വസിക്കാൻ വിധിക്കപ്പെട്ടവരാണ് ഇന്ന് കോളനിവാസികൾ. ആരോഗ്യവകുപ്പും ഇതിനെതിരെ കണ്ണടയ്ക്കുന്നത് വിരോധാഭാസം തന്നെയാണ്.

 രാത്രിയുടെ മറവിൽ വൃത്തികേട്, പ്രതികരിച്ചാൽ ഭീഷണി

രാത്രിയുടെ മറവിൽ ആശുപത്രി, കക്കൂസ് മാലിന്യം വാഹനങ്ങളിലെത്തിച്ചാണ് മണ്ണാൻ തോട്ടിലേക്ക് തള്ളുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. അധികൃതരോട് പരാതിപ്പെട്ടാൽ അനുകൂല നിലപാടുണ്ടാകില്ലെന്ന് മാത്രമല്ല പിന്നാലെ മറ്റുഭാഗങ്ങളിൽ നിന്ന് ഭീഷണി ഉയരുകയും ചെയ്യും. ചേരി പ്രദേശമായതിനാൽ ഇവരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മറ്രുള്ളവർ വിമുഖത കാണിക്കുന്നുണ്ട്. മാലിന്യപ്രശ്നത്താൽ രോഗം പൊട്ടിപ്പുറപ്പെട്ടാൽ അത് മറ്റുള്ളവരിലേക്ക് പകരാൻ കാലതാമസം വേണ്ടെന്ന വീണ്ടുവിചാരമുണ്ടായാൽ മതി, പുള്ളിക്കട കോളനിവാസികളുടെ ദുരിതത്തിന് അറുതിയാകാൻ.