
പോർക്കളത്തിൽ ഒരടിമുന്നേ ഇടത്
കൊല്ലം: ജില്ലയിലെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കുംഭച്ചൂടിനെ വെല്ലുന്ന പ്രചാണച്ചൂടിലേയ്ക്ക് ജില്ല കളംമാറി. ദിവസങ്ങൾക്ക് മുൻപേ സ്ഥാനാർത്ഥിത്വം ഉറപ്പായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം മിനിഞ്ഞാന്നും ഇന്നലെയുമായാണ് പൂർത്തിയായത്.
ഇതോടെ മണ്ഡലങ്ങളിൽ ചുവരെഴുത്തും തിരഞ്ഞെടുപ്പ് തന്ത്രം മെനയലും സജീവമായി. ഇക്കുറി നാലുപേരാണ് ജില്ലയിൽ പുതുമുഖങ്ങൾ. നേരത്തെ രണ്ടുതവണ എം.എൽ.എ ആയിരുന്നെങ്കിലും 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുനലൂരിൽ സി.പി.ഐ സ്ഥാനാർത്ഥിയായി പി.എസ്. സുപാൽ എത്തുന്നത്. ചടയമംഗലത്ത് സി.പി.ഐ സ്ഥാനാർത്ഥി ജെ. ചിഞ്ചുറാണി, കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലാൽ, ചവറയിൽ സുജിത്ത് വിജയൻ പിള്ള എന്നിവരാണ് മറ്റ് പുതുമുഖങ്ങൾ.
സംസ്ഥാനത്ത് സി.പി.എമ്മിൽ നിന്ന് മത്സരിക്കുന്ന എട്ട് സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ഒരാളാണ് കെ.എൻ. ബാലഗോപാൽ. പി. ഐഷാ പോറ്റിയെ മാറ്റാൻ തീരുമാനിക്കുമ്പോൾ കൊട്ടാരക്കരയിൽ പാർട്ടിക്ക് മുന്നിൽ ബാലഗോപാൽ അല്ലാതെ മറ്റൊരും ഉണ്ടായിരുന്നില്ല. സി.പി.ഐ സംസ്ഥാന എക്‌സി. കമ്മിറ്റിയംഗമായ പി.എസ്. സുപാലിന്റെ സ്ഥാനാർത്ഥിത്വം വലിയ ജാഥയോടെയാണ് ഇടതുമുന്നണി വരവേറ്റത്.
മൂന്നുമാസത്തെ പാർട്ടി നടപടിയിൽ നിന്ന് മുക്തനായ സുപാലിന് വേഗത്തിൽ സ്ഥാനാർത്ഥിത്വം ലഭിച്ചത് അണികളിൽ വലിയ ആവേശാണ് നൽകിയത്. ചവറയിൽ കന്നിയങ്കം കുറിക്കുന്ന സുജിത്ത് വിജയൻ പിള്ളയാണ് ജില്ലയിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇടത് സ്ഥാനാർത്ഥി.
ചടയമംഗലത്ത് വനിതയെ പരിഗണിക്കണമെന്ന തീരുമാനമുണ്ടായപ്പോൾ ആദ്യാവസാനം സി.പി.ഐ നേതാവായ ചിഞ്ചുറാണിയുടെ പേരാണ് പരിഗണിച്ചത്. ബാക്കി ഏഴ് മണ്ഡലങ്ങളിലും നിലവിലെ എം.എൽ.എ മാരാണ് സ്ഥാനാർത്ഥികൾ. പത്തനാപുരത്ത് കേരളാ കോൺഗ്രസിലെ കെ.ബി. ഗണേശ് കുമാർ, കുണ്ടറയിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ, ചാത്തന്നൂരിൽ ജി.എസ്. ജയലാൽ, കൊല്ലത്ത് നടൻ എം. മുകേഷ്, ഇരവിപുരത്ത് എം. നൗഷാദ്, കരുനാഗപ്പള്ളിയിൽ സി.പി.ഐയുടെ ആർ. രാമചന്ദ്രൻ, കുന്നത്തൂരിൽ ഇടത് സ്വതന്ത്രൻ ആർ.എസ്.പി ലെനിനിസ്റ്റിന്റെ കോവൂർ കുഞ്ഞുമോൻ എന്നിവരാണ് കളത്തിലിറങ്ങിയിരിക്കുന്നത്.
ഇനി യു.ഡി.എഫ് സ്ഥാനാർത്ഥികൾ ആരെന്നേ അറിയാനുള്ളു. ഇന്നോ നാളെയോ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഇതോടെ ഇനിയുള്ള ഒരുമാസം ജില്ലയിലെ തിരഞ്ഞെടുപ്പ് പോർക്കളം ചുട്ടുപൊള്ളും.