
കൊല്ലം: മലബാർ സിമന്റ്സിന്റെ ലൈം സ്റ്റോൺ ഖനനവും കെ.എം.എം.എൽ, ഐ.ആർ.ഇ എന്നിവിടങ്ങളിലെ കരിമണൽ ഖനനവും ഒഴിച്ചുനിറുത്തിയാൽ സംസ്ഥാനത്തെ പ്രധാന ഖനന വ്യവസായം കരിങ്കൽ ക്വാറികളെ ആശ്രയിച്ചാണ്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയിലൂടെ ഉപജീവനം നടത്തുന്നത്.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും നികുതി വരുമാനത്തിലും അടക്കം സുപ്രധാന പങ്കുള്ള ക്വാറികൾ അടഞ്ഞതോടെ കാൽ ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ജില്ലയ്ക്ക് നഷ്ടമായത്. പാറ പൊട്ടിക്കുന്നവർ, ചുമട്ടുതൊഴിലാളികൾ, ലോറി ജീവനക്കാർ, കരാറുകാർ, നിർമ്മാണമേഖലയിലെ തൊഴിലാളികൾ എന്നിങ്ങനെ നിരവധിപേരുടെ വയറ്റത്തടിക്കുന്നതാണ് കരിങ്കൽ ഖനനത്തിനേറ്റ തിരിച്ചടി.
പാളിച്ചയില്ലാത്ത നിയമവ്യവസ്ഥകൾ
ഒരു കരിങ്കൽ ക്വാറി പ്രവർത്തിപ്പിക്കുന്നതിന് നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ നിന്ന് എൻവയോൺമെന്റൽ ക്ലിയറൻസ് ലഭിക്കണം. ഇതിനുശേഷം സംസ്ഥാന മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് പെർമിറ്റ് വാങ്ങണം. തുടർന്ന് കേന്ദ്ര സർക്കാരിന്റെ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സുരക്ഷാ ഓർഗനൈസേഷന്റെ (പെസോ) സ്ഫോടക വസ്തുക്കൾ വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ലൈസൻസ്, ഖനനസുരക്ഷാ ഡയറക്ടറേറ്റിന്റെ അനുമതി എന്നിവയും ലഭിച്ചാൽ മാത്രമേ ഖനനം ആരംഭിക്കാൻ കഴിയുകയുള്ളൂ.
മരടിൽ അവലംബിച്ച സാങ്കേതികത്വം
ഭൂപ്രകൃതി, ജനസാന്ദ്രത എന്നിവയുടെ പ്രത്യേകതയാൽ മറ്റു സംസ്ഥാനങ്ങളിലേതുപോലെ തീവ്രതകൂടിയ വാഗൺ ഡ്രിൽ ഖനനം കേരളത്തിലെ ക്വാറികളിൽ സാദ്ധ്യമല്ല. നോണൽ ഡിറ്റണേറ്റർ ഉപയോഗിച്ചുള്ള ഖനനമാണ് സംസ്ഥാനത്ത് പിന്തുടരുന്നത്. ചീളുകൾ തെറിച്ചുണ്ടാകുന്ന അപകടങ്ങളും പ്രകമ്പനങ്ങളും കുറയ്ക്കാൻ സാധിക്കുന്ന ഇതേ സാങ്കേതികവിദ്യയാണ് മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനും ഉപയോഗിച്ചത്. നിയന്ത്രിത സ്ഫോടനങ്ങളിലൂടെയുള്ള ശാസ്ത്രീയഖനനം പ്രോത്സാഹിപ്പിക്കുന്നത് വ്യവസായ മേഖലയ്ക്ക് ഉണർവേകുന്നതിനൊപ്പം സമൂഹത്തിന്റെ ആശങ്കകളകറ്റി സമ്പദ്ഘടന മെച്ചപ്പെടുത്താനും വഴിയൊരുക്കും.
ക്വാറി അനുബന്ധ തൊഴിലുകൾ
പാറ പൊട്ടിക്കുന്നവർ
കൂടക്കാർ
മെറ്റലടിക്കുന്ന സ്ത്രീ തൊഴിലാളികൾ
ചുമട്ടുതൊഴിലാളികൾ
ലോറി ജീവനക്കാർ
ക്രഷറുകളിലെ ജീവനക്കാർ
കരാറുകാർ
നിർമ്മാണ മേഖലയിലെ തൊഴിലാളികൾ