pho
ദേശിയ പാതയിലെ വാളക്കോട് മേൽപ്പാലത്തിലെ കൈവരിയിൽ ഇളകി മാറിയ കോൺക്രീറ്റ് പാളിയും, ഇരുമ്പ് കൈവരിയും പുനസ്ഥാപിക്കുന്നു.

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ വാളക്കോട് മേൽപ്പാലത്തിന്റെ തകർന്ന കൈവരികൾ ശരിയാക്കിത്തുടങ്ങി. കഴിഞ്ഞ ദിവസം ലോറിയിടിച്ച് തകർന്ന കൈവരിയുടെ കോൺക്രീറ്റ് പാളി അപകടഭീഷണിയുയർത്തി റോഡിലേയ്ക്ക് തള്ളി നിൽക്കുകയായിരുന്നു. ഈ അപകടം ചൂണ്ടിക്കാണിച്ച് കേരളകൗമുദി വാർത്തയാക്കിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട റെയിൽവേ അധികൃതരുടെ നേതൃത്വത്തിലുള്ള തൊഴിലാളികൾ എത്തി കോൺക്രീറ്റ് പാളിയും അടർന്ന് മാറിയ ഇരുമ്പ് കൈവരിയും ശരിയാക്കിത്തുടങ്ങി.

പുതിയ മേൽപ്പാലം

ഇടുങ്ങിയ മേൽപ്പാലത്തിലെ നശിച്ച് പോയ കരിങ്കൽ പാളികളുടെ പുറത്ത് കഴിഞ്ഞ വർഷം കോൺക്രീറ്റ് ചെയ്ത ശേഷമാണ് പുതിയ ഇരുമ്പ് കൈവരികൾ സ്ഥാപിച്ചത്.ഇതാണ് കഴിഞ്ഞ ദിവസം വയ്ക്കോൽ ലോറി ഇടിച്ച് തകർന്നത്.ദേശീയ പാത കടന്ന് പോകുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പാലം പൊളിച്ച് നീക്കി പുതിയ മേൽപ്പാലം പണിയണമെന്ന ആവശ്യം ഉയർന്നിട്ട് അര നൂറ്റാണ്ട് പിന്നിടുകയാണ്.

പാലത്തിലൂടെ വാഹനങ്ങൾ കടന്ന് വരുമ്പോൾ വിദ്യാർത്ഥികളടക്കമുള്ള കാൽ നടയാത്രക്കാർക്ക് ഒഴിഞ്ഞ് നിൽക്കാൻ സ്ഥലമില്ലാതെ വലയുകയാണ്.