ചവറ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഡോ. സുജിത്ത് വിജയൻ പിള്ളയെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ തട്ടാശ്ശേരിയിൽ നിന്ന് നൂറ് കണക്കിന് എൽ.ഡി.എഫ് പ്രവർത്തകർ സ്ഥാനാർത്ഥിയുമായി ദേശീയപാതയിലൂടെ പ്രകടനം നടത്തി. സ്ഥാനാർത്ഥിയെ വഴിയിൽ ഹസ്തദാനം ചെയ്യാനും അനുമോദിക്കാനും സ്ത്രീകൾ ഉൾപ്പടെ നിരവധി പേർ എത്തി. ചവറ ബസ്റ്റാൻഡിൽ കൂടി നിന്ന ഓട്ടോ തൊഴിലാളികളുടെ സ്നേഹാദരവ് ഏറ്റുവാങ്ങി. പ്രകടനം ചവറ ബസ്റ്റാൻഡിൽ സമാപിച്ചു. സമാപന യോഗം സി.പി.എം ഏരിയാ സെക്രട്ടറി ടി.മനോഹരൻ ഉദ്ഘാടനം ചെയ്തു. അനിൽ പുത്തേഴം അദ്ധ്യക്ഷനായി. യോഗത്തിൽ എൽ.ഡി.എഫ് നേതാക്കൾ സംസാരിച്ചു. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ കൺവെൻഷനുകളും യോഗങ്ങളും ചുവരെഴുത്തും പോസ്റ്റർ പ്രചാരണവും വേഗത്തിലാക്കുകയാണ് മണ്ഡലത്തിലെ ഇടതുപക്ഷ പ്രവർത്തകർ. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിൽ സുജിത്തിന്റെ അച്ഛൻ എൻ.വിജയൻ പിള്ള നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഇത്തവണ വിജയം ഉറപ്പിക്കുന്നതാണെന്ന് പ്രവർത്തകർ പറഞ്ഞു. നിയോജക മണ്ഡലം കൺവെൻഷൻ 13ന് പകൽ 4ന് ചവറ തട്ടാശ്ശേരിയിൽ നടക്കും. ഇന്ന് മണ്ഡലത്തിലെ രക്തസാക്ഷികളുടെയും നേതാക്കന്മാരുടെയും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തും.