കൊല്ലം: കണക്കുപറഞ്ഞാൽ ആയിരം കോടി രൂപയുടെ വികസനം കൊട്ടാരക്കരയിൽ നടപ്പാക്കിയ ശേഷമാണ് പി.ഐഷാപോറ്റി നിയമസഭാ സാമാജികയെന്ന പദവിയൊഴിയുന്നത്. കശുഅണ്ടി തൊഴിലിടങ്ങളിലും അമ്മമനസുകളിലും പിന്നെ ചെറുപ്പക്കാരുടെ ഹൃദയത്തിലും ഇടംനേടിയെടുത്ത ശേഷമാണ് ആ പടിയിറക്കം. അതികായനായിരുന്ന ആർ.ബാലകൃഷ്ണപിള്ളയെ മുട്ടുകുത്തിച്ച് കൊട്ടാരക്കരയിൽ നിന്നും 2006ൽ ഐഷാപോറ്റി നിയമസഭയുടെ പടികയറിയപ്പോൾ ബ്രാഹ്മണ വിഭാഗത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തുന്ന വനിതയെന്ന സവിശേഷതയുമുണ്ടായിരുന്നു.
ബാലഗോപാലിന് വേണ്ടി വോട്ട് ചോദിച്ച്
ഒന്നര പതിറ്റാണ്ടുകാലം കൊട്ടാരക്കരയുടെ എം.എൽ.എയായിരുന്ന ഐഷാപോറ്റി ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിഞ്ഞപ്പോൾ ഇടത് ചേരിയിലുള്ളവർക്ക് നല്ല പരിഭവം ഉണ്ടായിരുന്നു. എന്നാൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ കെ.എൻ.ബാലഗോപാലിന് വോട്ടഭ്യർത്ഥനയുമായി ഐഷാപോറ്റി കളം നിറഞ്ഞപ്പോൾ എല്ലാവരും ഉഷാറായി. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും കുശലം പറഞ്ഞും വിശേഷങ്ങൾ തിരക്കിയും ബാലഗോപാൽ വളരെക്കുറച്ച് ദിവസംകൊണ്ടുതന്നെ കൊട്ടാരക്കരയിലെ താരമായി മാറുകയും ചെയ്തു. ഇന്നലെ ബാലഗോപാലും ഐഷാപോറ്റിയും നഗരസഭാ ചെയർമാൻ എ.ഷാജുവുമടക്കം നൂറിലധികം ഇടത് മുന്നണി പ്രവർത്തകർ കൊട്ടാരക്കര പട്ടണത്തിൽ നിറഞ്ഞുനിന്ന് വോട്ടഭ്യർത്ഥന നടത്തി. എനിയ്ക്ക് തന്ന സ്നേഹവും കരുതലും ബാലഗോപാലിന് നൽകണമെന്ന് പറയാൻ മുന്നിൽത്തന്നെ ഐഷാപോറ്റിയുണ്ടായിരുന്നു. പരിചയപ്പെടുത്തലില്ലാതെ വോട്ടഭ്യർത്ഥിക്കാമെന്നതാണ് ബാലഗോപാലിന് മണ്ഡലത്തിലുള്ള ബന്ധങ്ങൾ. സമരങ്ങൾക്ക് മാത്രമല്ല, നെൽവിത്തെറിയാനും കൊയ്യാനും കളിക്കളങ്ങളിലെത്താനുമടക്കം എപ്പോഴും ഇവിടെയുണ്ടായിരുന്നയാൾ അങ്കത്തട്ടിലിറങ്ങിയത് ചെറുപ്പക്കാർക്കാണ് കൂടുതൽ ആവേശമായത്.