photo
നാശത്തിലായ പാണ്ടറ ചിറ

പുത്തൂർ: സംരക്ഷണപദ്ധതികൾ താളംതെറ്റിയതോടെ പുത്തൂർ മേഖലയിലെ കുളങ്ങളും ചിറകളും നാശത്തിൽ. വേനൽക്കാലത്തിന്റെ തുടക്കത്തിൽത്തന്നെ ശുദ്ധജലക്ഷാമം തുടങ്ങിയതോടെ നാട്ടിൻപുറത്തെ കുളങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. കുളങ്ങളുടെയും ചിറകളുടെയും സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്ത് മുമ്പ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും അത് ഫലപ്രദമായിരുന്നില്ല. ഗ്രാമ പഞ്ചായത്തുകൾ ബഡ്ജറ്റുകളിൽ കുളങ്ങളുടെ സംരക്ഷണത്തിന് തുക വകയിരുത്താറുണ്ടെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പാക്കാറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ചില കുളങ്ങൾ അതത് ഗ്രാമ പഞ്ചായത്തുകാർ വൃത്തിയാക്കിയിരുന്നു. ഇവയും ഇപ്പോൾ മാലിന്യവും പായലും നിറഞ്ഞ് നശിച്ചിരിക്കുകയാണ്.

നൂറിലധികം കുളങ്ങൾ

നെടുവത്തൂർ, കുളക്കട, പവിത്രേശ്വരം പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന പുത്തൂർ മേഖലയിൽ നൂറിൽ അധികം കുളങ്ങളുണ്ടെന്നാണ് കണക്ക്. ഇതിൽ ഏറിയപങ്കും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള പാണ്ടറ ചിറ പായലും കുറ്റിക്കാടും വളർന്ന് ചിറയാണെന്ന് തിരിച്ചറിയാൻ പോലുമാകാത്ത അവസ്ഥയിലാണ്. പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള പഴവറ ചിറ സംരക്ഷിക്കാൻ ഗ്രാമ പഞ്ചായത്ത് മുന്നിട്ടിറങ്ങിയതിന്റെ ആശ്വാസമുണ്ട്. എഴുപത് ലക്ഷത്തിന്റെ സംരക്ഷണ പദ്ധതികൾ തുടങ്ങിയെങ്കിലും ഈ വേനൽക്കാലത്ത് അതിന്റെ ഗുണം ലഭിക്കുമെന്ന് തോന്നുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഏക്കറുകണക്കിന് വിസ്തൃതിയുണ്ടായിരുന്ന തെക്കുംചേരിയിലെ മൂന്നാംചിറയും കോട്ടാത്തലയിലെ തേവർചിറയും കൈയേറ്റങ്ങളിലൂടെ ചുരുങ്ങിയിരിക്കുകയാണ്. കോട്ടാത്തല പൂഴിക്കാട്ട് ചിറയും ഉപയോഗശൂന്യമാണ്. സമീപത്തെ ലക്ഷംവീട്ടുകാർക്ക് ഏറെ ആശ്വാസമായിരുന്ന ചിറ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. പാങ്ങോട് ചിറ ഉപയോഗിക്കാൻ കഴിയുന്നുണ്ടെങ്കിലും സംരക്ഷണ ഭിത്തി തകർന്നുകിടക്കുകയാണ്. മാവടിയിലെ പൊതുകുളം, ആറ്റുവാശേരി പ്ളാങ്കുളത്തു ചിറ, കൈതക്കോട് ചിറ, തേവലപ്പുറം മൂന്നുമൂർത്തി ക്ഷേത്രത്തിന് സമീപത്തെ ചിറ, നെടുവത്തൂർ ചാലൂക്കോണം ചിറ തുടങ്ങിയവയും നാശത്തിന്റെ വക്കിലാണ്. വെണ്ടാർ ക്ഷേത്രത്തിനോട് ചേർന്ന ചിറയാണ് അടുത്തകാലത്ത് നവീകരിച്ചത്. മൂഴിക്കോട് ചിറ അടുത്തകാലത്ത് പ്രദേശവാസിയായ ചെറുപ്പക്കാരന്റെ ഒറ്റയാൾ പ്രവർത്തനത്തിലൂടെ ഏറെക്കുറേ വൃത്തിയാക്കിയിരുന്നു. തോടുകളും മറ്റ് നീർച്ചാലുകളും മതിയായ സംരക്ഷണമില്ലാതെ നശിക്കുകയാണ്.

സർക്കാർ ഫണ്ട് പ്രയോജനപ്പെടുത്തുന്നില്ല

കാലാകാലങ്ങളിൽ പൊതുകുളങ്ങൾ വൃത്തിയാക്കാനായി സർക്കാർ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും അവ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ല. മുമ്പ് കാർഷിക - ഗാർഹിക ആവശ്യങ്ങൾക്ക് ഇത്തരം ചിറകളും ചെറുകുളങ്ങളും ഏറെ പ്രയോജനപ്പെട്ടിരുന്നു. തുണിയലക്കാനും കുളിക്കാനും ഇത്തരം ചിറകളെയാണ് വേനൽക്കാലത്ത് ഗ്രാമവാസികൾ ആശ്രയിച്ചിരുന്നത്. പഴയ കുളങ്ങൾ സംരക്ഷിക്കാൻ കാര്യക്ഷമമായ പദ്ധതികൾ രൂപീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.