പുത്തൂർ : ജീവിതത്തിന്റെ സായന്തനത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് സ്നേഹത്തണലാണ് പുത്തൂരിലെ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രം. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണസമിതിയുടെ ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണ് പുത്തൂരിൽ സ്ഥാപിച്ച അഭയകേന്ദ്രം. ഒന്നരക്കോടി രൂപ ഉപയോഗിച്ചാണ് 'സായന്തനം' എന്ന പേരിൽ വൃദ്ധസദനം ഒരുക്കിയത്. ഇത്തവണത്തെ ബഡ്ജറ്റിൽ ഒരുകോടി രൂപ കൂടി നീക്കിവച്ചിട്ടുണ്ട്. രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തുടങ്ങാനിരിക്കുകയാണ്. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പുത്തൂർ പഴയചിറയിലെ 65 സെന്റ് ഭൂമിയാണ് വൃദ്ധസദനത്തിനായി വിട്ടുനൽകിയത്. മനോഹരമായ കെട്ടിടമൊരുക്കിയ ശേഷം നടത്തിപ്പ് ചുമതല പത്തനാപുരം ഗാന്ധിഭവന് കൈമാറുകയായിരുന്നു. നിലവിൽ പന്ത്രണ്ട് വയോജനങ്ങളാണ് ഈ അഭയകേന്ദ്രത്തിലുള്ളത്.
ജീവകാരുണ്യ കുടുംബ സംഗമം
പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ 13ന് ജീവകാരുണ്യ കുടുംബ സംഗമം സംഘടിപ്പിക്കും. വൈകിട്ട് 4ന് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിൽ.എസ്.കല്ലേലിഭാഗം, ജെ.നജീബത്ത്, സെക്രട്ടറി കെ.പ്രസാദ്, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ, വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ, വൈസ് പ്രസിഡന്റ് ജലജാ സുരേഷ്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല പ്രകാശ്, ജില്ലാപഞ്ചായത്തംഗം ആർ.രശ്മി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബെച്ചി.ബി.മലയിൽ, എം.ലീലാമ്മ, ബ്ളോക്ക് പഞ്ചായത്തംഗം ജെ.കെ.വിനോദിനി, വാർഡ് മെമ്പർ ആർ.ഗീത, ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, കുളക്കട, പവിത്രേശ്വരം, നെടുവത്തൂർ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ-കലാസാംസ്കാരിക പ്രവർത്തകർ, വ്യാപാരി സംഘടന പ്രതിനിധികൾ എന്നിവർ സംസാരിക്കും. കാെവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കുടുംബ സംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, സ്പെഷ്യൽ ഓഫീസർ സി.ശിശുപാലൻ, ചീഫ് മാനേജർ ജി.രവീന്ദ്രൻപിള്ള എന്നിവർ അറിയിച്ചു.