sndp
എസ്.എൻ ട്രസ്റ്റ് ഭൂമി കൈയേറ്റത്തിനെതിരെ പ്രത്യക്ഷസമരത്തിന് രൂപം നൽകാൻ എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ചേർന്ന യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പീരങ്കി മൈതാനത്തിന് സമീപത്തെ എസ്.എൻ ട്രസ്റ്റ് ഭൂമി ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് കൈയേറുന്നത് തടയാൻ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും പോഷക സംഘടനകളുടെയും സംയുക്ത യോഗം തീരുമാനിച്ചു. റീ സർവേ രേഖകളിൽ ട്രസ്റ്റിന്റേതായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയിൽ തൂണുകൾ സ്ഥാപിച്ച് കമ്പികെട്ടി തിരിക്കാനും തോരണങ്ങൾ ഉയർത്തി സംരക്ഷിക്കാനും തീരുമാനിച്ചു. ഇതിന് പുറമേ റീസർവേ പ്രകാരമുള്ള ട്രസ്റ്റ് ഭൂമി പതിച്ചുകിട്ടാനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകും.

യോഗം ആസ്ഥാനത്തെ ധ്യാനകേന്ദ്രത്തിൽ നടന്ന യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പി. സുന്ദരൻ അദ്ധ്യക്ഷനായി. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഭൂമിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, പ്രസിഡന്റ് കെ. സുശീലൻ, കുന്നത്തൂർ യൂണിയൻ സെക്രട്ടറി ഡോ. പി. കമലാസനൻ, ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽ കുമാർ, ചാത്തന്നൂർ യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ. പി. അരുൾ, ശങ്കേഴ്സ് ആശുപത്രി അഡ്ഹോക്ക് കമ്മിറ്റി അംഗം അനിൽ മുത്തോടം എന്നിവർ സംസാരിച്ചു.

ആർ. ശങ്കർ ത്യാഗനിർഭരമായ ഇടപെടലിലൂടെ നേടിയെടുത്ത ഭൂമി സംരക്ഷിക്കാൻ ശക്തമായ ഇടപെടലുകളുണ്ടാകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കൊല്ലം യൂണിയൻ കൗൺസിലർമാരായ ഇരവിപുരം സജീവൻ, അഡ്വ. എസ്. ഷേണാജി, പുണർതം പ്രദീപ്, തൊളിയറ പ്രസന്നൻ, അഡ്വ. പി. സുധാകരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ശ്രീനാരായണ എംപ്ളോയീസ് ഫാറം ഭാരവാഹികളായ പി.വി. റജിമോൻ, എസ്. അജിലാൽ എന്നിവരുടെ നേതൃത്വത്തിൽ ഭൂമിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് പ്രസന്റേഷൻ നടത്തി.