prathikaranam

ഒരു മൺതരി പോലും വിട്ടുനൽകില്ല: മോഹൻശങ്കർ

പീരങ്കി മൈതാനത്തിന് സമീപം എസ്.എൻ കോളേജിനോട് ചേർന്നുകിടക്കുന്ന എസ്.എൻ ട്രസ്റ്റിന്റെ ഭൂമിയിലെ ഒരു മൺതരി പോലും തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് മോഹൻ ശങ്കർ പറഞ്ഞു. ഈ ഭൂമി നേടിയെടുക്കാൻ നടത്തിയ ശ്രമങ്ങളുടെ പേരിൽ ആർ. ശങ്കറിന് ഏറെ ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. അതെല്ലാം സഹിച്ച് സമുദായത്തിന് വേണ്ടിയാണ് ഭൂമി വാങ്ങിയെടുത്തത്. അതുകൊണ്ട് തന്നെ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം തടയാൻ കൂട്ടായ ഇടപെടൽ വേണം. പട്ടയം ലഭിച്ചതിൽ ശേഷിക്കുന്ന ഭൂമി കൂടി പതിച്ചു കിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്.

രേഖകളിൽ ഭൂമി എസ്.എൻ ട്രസ്റ്റിന്റേത്: ഡോ. ജി. ജയദേവൻ

സർക്കാർ വകുപ്പ് ഇപ്പോൾ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഭൂമി റീ സർവേ രേഖകളിൽ എസ്.എൻ ട്രസ്റ്റിന്റേതാണ്. ഇത് പരിശോധിക്കാതെയാണ് ഇവിടെ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ ശ്രമിക്കുന്നത്. റവന്യൂ വകുപ്പ് അധികൃത‌ർക്ക് ഇത് സംബന്ധിച്ച് വ്യക്തമായ ബോദ്ധ്യമുണ്ട്. ഈ ഭൂമി പതിച്ചുകിട്ടാൻ നേരത്തെ റവന്യൂ സെക്രട്ടറിക്കും തഹസിൽദാർക്കും അപേക്ഷ നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ കൈയേറ്റത്തിനെതിരെ കളക്ടർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.

ഭൂമി സംരക്ഷിക്കുക ശ്രീനാരായണീയരുടെ കർത്തവ്യം: പി. സുന്ദരൻ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആർ. ശങ്കർ നേടിയെടുത്ത ഭൂമി സംരക്ഷിക്കുക ശ്രീനാരായണീയരുടെ കർത്തവ്യമാണെന്ന് യോഗം കൗൺസിലർ പി. സുന്ദരൻ പറഞ്ഞു. ഇൻഡോർ സ്റ്റേഡിയത്തിന് ആവശ്യത്തിലേറെ ഭൂമി ഒഴിഞ്ഞു കിടക്കുമ്പോഴാണ് എസ്.എൻ ട്രസ്റ്റിന്റെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നത്. ഇതിന് അനുവദിക്കില്ല. എസ്.എൻ ട്രസ്റ്റിന്റെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ ദുഷ്ടലാക്കുണ്ട്.

ഭൂമി കിട്ടും വരെ പ്രക്ഷോഭം: എൻ. രാജേന്ദ്രൻ

എസ്.എൻ ട്രസ്റ്റിന്റെ ഭൂമി തട്ടിയെടുക്കാനുള്ള സ്പോർട്സ് കൗൺസിലിന്റെ ശ്രമം അനുവദിക്കില്ലെന്നും കൈയേറിയ ഭൂമി ട്രസ്റ്റിന് വിട്ടുകിട്ടും വരെ പ്രക്ഷോഭം നടത്തുമെന്നും കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ പറഞ്ഞു. റീ സർവേ രേഖകളിൽ എസ്.എൻ ട്രസ്റ്റിന്റെ പേരിലുള്ള സ്ഥലത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ ശ്രമിക്കുന്നത് ശരിയല്ല.

ശക്തമായി എതി‌ർക്കണം: എ. സോമരാജൻ

എസ്.എൻ ട്രസ്റ്റ് ഭൂമി ഇൻഡോ‌ർ സ്റ്റേഡിയം നി‌ർമ്മാണത്തിന് തട്ടിയെടുക്കാനുള്ള ശ്രമത്തെ ശക്തമായി എതി‌ർക്കണമെന്ന് കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ പറഞ്ഞു. ചോദ്യം ചെയ്യാൻ ആളില്ലെന്ന ധാരണയിലാണ് പിന്നാക്കക്കാരുടെ ഭൂമി കൈയേറുന്നത്. ഈ ധാരണ തിരുത്തണം. ഇപ്പോഴത്തെ നീക്കത്തിനെതിരെ ശ്രീനാരായണീയരെയാകെ അണിനിരത്തണം. ട്രസ്റ്റിന് അവകാശപ്പെട്ട ഭൂമി മതിൽകെട്ടി തിരിക്കണം. അവകാശം നിയമപരമായും എത്രയും വേഗം സ്ഥാപിച്ചെടുക്കണം.