
കോടതിമുറികളെ വിറപ്പിച്ച അഭിഭാഷകൻ. മലയാളികൾക്ക് ആസ്വാദനത്തിന്റെ ഉജ്ജ്വല മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന കല്ലട ജലോത്സവത്തിന്റെ ശില്പി. സൗഹൃദ കൂട്ടായ്മകളിൽ കവിത പെയ്യിച്ച സാഹിത്യ പ്രേമി. തെരുവുകളിൽ സമരവേലിയേറ്റങ്ങൾ സൃഷ്ടിച്ച യുവനേതാവ്. കാമ്പസ് വരാന്തകളെ മുദ്രാവാക്യങ്ങൾ കൊണ്ട് വിറപ്പിച്ച വിദ്യാർത്ഥി നേതാവ്. കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും സ്നേഹമർമ്മരങ്ങൾ മാത്രം സമ്മാനിച്ച നല്ല മനുഷ്യൻ. അഡ്വ. ദേവരാജനെക്കുറിച്ചുള്ള വിശേഷണങ്ങൾ ഇങ്ങനെ പറഞ്ഞുതീർക്കാനാകില്ല. യാത്രയായി ഇന്ന് 21 വർഷം തികയുമ്പോൾ ഓർമ്മയിലെ നക്ഷത്രമായി തിളങ്ങുകയാണ് അദ്ദേഹം.
1951 ജനുവരി 1ന് മൺറോതുരുത്ത് കൊച്ചുതറയിൽ വേലുവിന്റെയും കാർത്ത്യായനിയുടെയും മകനായാണ് അഡ്വ. ദേവരാജൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബിരുദപഠനത്തിനായി എത്തിയ ശാസ്താംകോട്ട ഡി.ബി കോളേജാണ് ദേവരാജനിലെ രാഷ്ട്രീയ പ്രതിഭയെ രൂപപ്പെടുത്തിയത്. ഡി.ബി കോളേജിന്റെ ക്ലാസ് മുറികളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടാകും ദേവരാജന്റെ തീ പാറുന്ന പ്രസംഗങ്ങൾ. അതിന് ശേഷം നിയമപഠനത്തിനായി ചേർന്ന തിരുവനന്തപുരം ലോ കോളേജിലും ഉശിരൻ വിദ്യാർത്ഥി നേതാവായി. പിന്നെ കൊല്ലം ബാറിലെ അഭിഭാഷക ജീവിതം. വീറോടെ വാദം പറയുന്ന വക്കീൽ നാടാകെ പ്രശസ്തനായി. കൊല്ലം ബാറിൽ നിന്നും അദ്ദേഹം ഹൈക്കോടതിയിലേക്ക് പറന്നു. അദ്ദേഹം നീതിനേടിക്കൊടുത്ത ഹർജികൾക്കും കേസുകൾക്കും കണക്കില്ല. ഇതിനിടയിൽ നാട്ടുകാര്യങ്ങളിലും സജീവമായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ 1978ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചു. പാവങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി. രോഗികൾക്കും ആലംബഹീനർക്കും സർക്കാരിൽ നിന്നും കിട്ടാവുന്ന ആനുകൂല്യങ്ങളെല്ലാം വാങ്ങി നൽകി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് എല്ലാ ദിവസവും രാവിലെ ഒരുപറ്റം ആളുകളെത്തുമായിരുന്നു. സർക്കാരിൽ നിന്നും സഹായം കിട്ടില്ലെങ്കിൽ സ്വന്തം കീശയിൽ നിന്നും സഹായിക്കും. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് നിന്നും ഒരാൾ പോലും നിരാശനായി മടങ്ങിയിട്ടില്ല.
ഇടക്കാലത്ത് കോൺഗ്രസ് മൺറോതുരുത്ത് മണ്ഡലം പ്രസിഡന്റായി. 1995ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചു. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി, ന്യു ഇന്ത്യ ഇൻഷ്വറൻസ് കമ്പനി, കാനറ ബാങ്ക് മൺറോതുരുത്ത് ബ്രാഞ്ച് എന്നിവയുടെ നിയമ ഉപദേശകനായിരുന്നു. മൺറോതുരുത്തിന്റെ സർഗ്ഗ വസന്തമായിരുന്ന വില്യമംഗലം എം.ജി.എം ക്ലബ്ബിന്റെ സ്ഥാപകനാണ്. ക്ലബ്ബിന്റെ വാർഷികത്തിന് അവതരിപ്പിക്കുന്ന നാടകങ്ങളിലെ പ്രധാന കഥാപാത്രം അന്ന് ദേവരാജനായിരുന്നു. മൺറോതുരുത്തിലെ മധ്യവയസ്കർ ഇപ്പോൾ അഷ്ടമുടിക്കായലിനെയും കല്ലടയാറിനെക്കുറിച്ചും ഹൃദയത്തിൽ തറഞ്ഞ ചില പാട്ടുകൾ പാടിനടക്കുന്നുണ്ട്. ആ വരികളുടെ സ്രഷ്ടാവ് ദേവരാജനാണ്. കുട്ടികൾക്ക് സ്കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കാനായി അദ്ദേഹം എഴുതിയ കഥാപ്രസംഗങ്ങളിലെ വരികളാണത്. ഏതോ സൗഹൃദ കൂട്ടായ്മയിൽ ദേവരാജനാണ് കല്ലട ജലോത്സവം എന്ന ആശയം ആദ്യം മുന്നോട്ട് വച്ചത്. പിന്നെ ജനകീയ ജലമേളയായി കല്ലട ജലോത്സവത്തെ മാറ്റിയതും അദ്ദേഹമാണ്. ഇങ്ങനെ വാക്കുകൾ കൊണ്ട് ആ മഹാപ്രതിഭയെ വരച്ചുതീർക്കാനാകില്ല.
അടിമാലി എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ് പ്രിൻസിപ്പലായി വിരമിച്ച ലീല ദേവരാജനാണ് ഭാര്യ. യു.എസ്.എയിൽ ഇൻഫോസിസിൽ എൻജിനിയറായ അമ്പു.ഡി.രാജ് മൂത്തമകനാണ്. അഡ്വ. അർജ്ജുനന്റെ മകളും കൊല്ലം എസ്.എൻ കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറുമായ ബി. രാധികയാണ് അമ്പുവിന്റെ ഭാര്യ. സാത്വിക് ദേവ് ഇവരുടെ മകനാണ്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പീഡിയാട്രിഷ്യനായ ഡോ. കണ്ണൻ ഡി. രാജ് രണ്ടാമത്തെ മകനാണ്. ശിവഗിരി മിഷൻ ആശുപത്രിയിലെ കാർഡിയോളജിസ്റ്റായിരുന്ന ഡോ. സുരേഷ് ബാബുവിന്റെ മകളായ ഡോ. ലക്ഷ്മിയാണ് ഡോ. കണ്ണന്റെ ഭാര്യ. ചാത്തന്നൂർ വനജ്യോത്സനയിൽ അമ്മ യശോധാമ്മയ്ക്കൊപ്പമാണ് ഇപ്പോൾ ലീല ദേവരാജൻ താമസിക്കുന്നത്. ദേവരാജൻ ഇപ്പോഴും മൺറോതുരുത്തിന്റെ ഹൃദയസൂര്യനാണ്. കർമ്മമണ്ഡലങ്ങളിൽ തിളങ്ങിയ ആ മഹാപ്രതിഭയെ ജന്മനാടിന് മറക്കാനാകില്ല.