തൊടിയൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 25 കാരനായ നിർദ്ധനയുവാവ് തുടർചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. തൊടിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മുളയക്കാട്ടിൽ വടക്കതിൽ പരേതനായ ശാന്തന്റെ മകൻ ശരത്താണ് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. ആലപ്പുഴയിൽ ഹൗസ് ബോട്ട് ജീവനക്കാരനായ ശരത് കൊവിഡ് മൂലം മാസങ്ങളായി ജോലിയില്ലാതെ കഴിയുകയായിരുന്നു. നേരത്തേ ജോലി ചെയ്തിരുന്ന സമയത്തെ ശമ്പളക്കുടിശികയായ 15000 രൂപ വാങ്ങുന്നതിനായി ആലപ്പുഴയ്ക്ക് പോകുംവഴി കഴിഞ്ഞ 23ന് അമ്പലപ്പുഴ ടൗണിൽ വച്ചാണ് അപകടം സംഭവിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ പിന്നിൽ നിന്നെത്തിയ ബൈക്ക് തട്ടിയായിരുന്നു അപകടം. റോഡിൽ തെറിച്ചുവീണ ശരത്തിന്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ മറ്റൊരു ബൈക്ക് കൂടി കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരും പൊലീസും ചേർന്നാണ് എറണാകളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കടംവാങ്ങിയും നാട്ടുകാർ സഹായിച്ചുമാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. വെന്റിലേറ്റർ ഐ.സിയുവിൽ കഴിയുന്ന ശരത്തിന് ഉടൻ ശസ്ത്രക്രിയ നടത്തണമെന്നാണ് വിദഗ്ദ്ധ ഡോക്ടർമാർ പറയുന്നത്.
ചെലവ് പത്ത് ലക്ഷത്തോളം
സുമനസുകളുടെ സഹായം മാത്രമാണ് ഈ സാധുകുടുംബത്തിന്റെ ഏക പ്രതീക്ഷ. വിവാഹാനിശ്ചയം കഴിഞ്ഞു നിൽക്കുന്ന സഹോദരിയും രോഗിയായ മാതാവും ഉൾപ്പെടുന്നതാണ് ശരത്തിന്റെ കുടുംബം. ആർ. രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് സലിം മണ്ണേൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി. രാജീവ്, സുധീർ കാരിക്കൽ, ഡി.സി.സി സെക്രട്ടറി ടി. തങ്കച്ചൻ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം മാലുമേൽ സുരേഷ് എന്നിവർ രക്ഷാധികാരികളും ടി. ഇന്ദ്രൻ ചെയർമാനായും ഡി. ദിനേഷ് കൺവീനറായുമുള്ള ചികിത്സാ
സഹായ സമിതി രൂപീകരിച്ചു. ശരത്തിന്റെ മാതാവ് ലതികയുടെ പേരിൽ ഇന്ത്യൻ ബാങ്കിന്റെ കരുനാഗപ്പള്ളി ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 6249657812, ഐ.എഫ്.എസ്.സി കോഡ്: lDIB000KO 24. ഫോൺ: 9544082450, 9995574677.