kayyettam

 രക്ഷാധികാരി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

കൊല്ലം: പീരങ്കി മൈതാനത്തോട് ചേർന്നുള്ള എസ്.എൻ ട്രസ്റ്റ് ഭൂമി ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് കൈയേറുന്നത് തടയാൻ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യരക്ഷാധികാരിയായി 501 അംഗങ്ങൾ അടങ്ങിയതാണ് ആക്ഷൻ കൗൺസിൽ.

എസ്.എൻ ട്രസ്റ്റ് എക്സി. അംഗം മോഹൻ ശങ്കറാണ് ആക്ഷൻ കൗൺസിൽ ചെയർമാൻ. യോഗം കൗൺസിലർ പി. സുന്ദരൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് എക്സി. കമ്മിറ്റിയംഗവുമായ എ. സോമരാജൻ എന്നിവർ വൈസ് ചെയർമാന്മാരാണ്. ശങ്കേഴ്സ് ആശുപത്രി അഡ്ഹോക് കമ്മിറ്റി അംഗം അനിൽ മുത്തോടം, എസ്.എൻ ട്രസ്റ്റ് എക്സി. കമ്മിറ്റിയംഗവും കൊല്ലം യൂണിയൻ സെക്രട്ടറിയുമായ എൻ. രാജേന്ദ്രൻ എന്നിവർ കൺവീനർമാരാണ്.

കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് എ. സുശീലൻ, ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ്, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, സെക്രട്ടറി കെ. വിജയകുമാർ, കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ. പി. അരുൾ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽ കുമാർ, കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ, സെക്രട്ടറി ഡോ. പി. കമലാസനൻ, മുൻ യോഗം കൗൺസിലർ കാവേരി രാമചന്ദ്രൻ, ശ്രീനാരായണ എംപ്ലോയീസ് ഫാറം സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി. രജിമോൻ, എംപ്ലോയീസ് ഫാറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ എന്നിവർ ജോ. കൺവീനർമാരാണ്.

ചാത്തന്നൂർ, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, കുണ്ടറ യൂണിയനുകളുടെ വൈസ് പ്രസിഡന്റുമാർ ഈ യൂണിയനുകളുടെ പരിധിയിലെ യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ, എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, വനിതാസംഘം, യൂത്ത് മൂവ്മെന്റ്, എംപ്ലോയീസ് ഫാറം, പെൻഷണേഴ്സ് കൗൺസിൽ, സൈബർസേന എന്നിവയുടെ യൂണിയൻ ഭാരവാഹികളും ആക്ഷൻ കൗൺസിൽ അംഗങ്ങളാണ്. ആക്ഷൻ കൗൺസിൽ യോഗം ഉടൻ ചേർന്ന് സമര പരിപാടികൾക്ക് രൂപം നൽകും.

 അംഗങ്ങൾ: 501പേർ

 ഇൻഡോർ സ്റ്റേഡിയത്തിന് എതിരല്ല

പീരങ്കി മൈതാനത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിന് ശ്രീനാരായണീയർ എതിരല്ലെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി. സ്റ്റേഡിയത്തിനായി എസ്.എൻ ട്രസ്റ്റിന്റെ ഭൂമി കൈയേറാൻ ശ്രമിക്കുന്നതിനെയാണ് എതിർക്കുന്നത്. സ്പോർട്സ് കൗൺസിലിന്റെയും നഗരസഭയുടെയും ഉടമസ്ഥതിയിലുള്ള സ്ഥലത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാനാണ് യഥാർത്ഥ തീരുമാനം. എന്നാൽ റവന്യൂ രേഖകൾ പരിശോധിക്കാതെ തൊട്ടുചേർന്ന് കിടക്കുന്ന എസ്.എൻ ട്രസ്റ്റ് ഭൂമി കൂടി കൈയേറുന്നത് ദുഷ്ടലാക്കോടെയാണ്. പീരങ്കി മൈതാനത്തെയും എസ്.എൻ ട്രസ്റ്റ് ഭൂമിയെയും വേർതിരിച്ച് ഇപ്പോഴുള്ള മതിൽ ഭൂമി കൃത്യമായി അളന്ന് കെട്ടിയതല്ല. എസ്.എൻ ട്രസ്റ്റിന് പതിറ്റാണ്ടുകൾക്ക് മുൻപ് പാട്ടത്തിന് ലഭിച്ച ഭൂമിയിൽ .53 ഹെക്ടർ മതിൽക്കെട്ടിന് പുറത്താണ്. ഈ ഭൂമി തട്ടിയെടുക്കാനുള്ള ഗൂഢ നീക്കം തടയാനാണ് ശ്രീനാരായണീയരുടെ ശ്രമം.