കൊല്ലം: പ്രണയത്തിന് മുന്നിൽ രാജ്യാതിർത്തികളും ഭാഷയും സംസ്കാരവും മാറിനിൽക്കും, കൊല്ലം റാവിസിൽ ജപ്പാൻ സുന്ദരിക്ക് മലയാളി പയ്യൻ താലി ചാർത്തി. ജപ്പാൻ സ്വദേശിനി മോയയും കൊല്ലം രണ്ടാംകുറ്റി സ്വദേശി കൃഷ്ണലാലുമാണ് പ്രണയ ജോഡികൾ.
ഒരു മാർച്ച് 11നാണ് ഇരുവരും മനസ് തുറന്നത്. ഒൻപത് വർഷങ്ങൾക്കിപ്പുറം അതേ ദിനത്തിലാണ് ഇരുവരും വിവാഹിതരായത്. രണ്ടാംകുറ്റി കോതേത്ത് ക്ഷേത്രത്തിന് സമീപം കൃഷ്ണേന്ദുവിൽ രാജേന്ദ്രൻപിള്ളയുടെയും ലതാദേവിയുടെയും മകനാണ് ക്രിസ് എന്ന് വിളിക്കുന്ന കൃഷ്ണലാൽ. ജപ്പാനിലെ അദ്ധ്യാപക ദമ്പതികളായ മാകൊതൊ ഒസുഗിയുടെയും കാസുഎ ഒസുഗിയുടെയും മകളാണ് മോയ. പ്ലസ് ടു പഠനം കഴിഞ്ഞ് സിവിൽ എൻജിനിയറിംഗ് പഠനത്തിനായി ആസ്ട്രേലിയയിലേക്ക് പറന്നതാണ് കൃഷ്ണലാൽ.
പഠനം പൂർത്തിയാക്കിയ കൃഷ്ണലാൽ അവിടെ തന്നെ ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി. പഠനചെലവിനുള്ള കാശുമായി ഇവിടെ നിന്നും പോയ കൃഷ്ണലാൽ അവിടെ രാപകൽ അദ്ധ്വാനിച്ചാണ് കൺസ്ട്രക്ഷൻ കമ്പിനി പടുത്തുയർത്തിത്. ഇപ്പോൾ ആസ്ട്രേലിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ നിർമ്മാണ കമ്പിനിയാണ് വീക്കോൺ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്.
കൂട്ടുകാർക്കൊപ്പം മെൽബണിലെ ഒരു റസ്റ്റോറന്റിൽ ഇരിക്കുകയായിരുന്ന കൃഷ്ണലാൽ ട്രാവൽ വിസയിൽ മെൽബണിലെത്തിയ മോയയെ പരിചയപ്പെട്ടു. പിന്നീട് അപ്രതീക്ഷിതമായാണ് ഇരുവരും പ്രണയ ബദ്ധരായത്. കാര്യങ്ങൾ അറിയിച്ചപ്പോൾ ഇരുവരുടെയും വീട്ടുകാർക്കും എതിർപ്പുണ്ടായില്ല. കൊവിഡ് കാരണം മോയയുടെ വീട്ടുകാർക്ക് കൊല്ലം റാവിസ് ഹോട്ടലിൽ ഇന്നലെ നടന്ന വിവാഹ ചടങ്ങിന് എത്താനായില്ല. പൂർണമായും ആസ്ട്രേലിയൻ ശൈലിയിലായിരുന്നു ചടങ്ങുകൾ. മോയയുടെ അച്ഛനമ്മമാരും ബന്ധുക്കളും ജപ്പാനിലിരുന്ന് ഓൺലൈനായി സാക്ഷ്യം വഹിച്ചു. 190 രാജ്യങ്ങളിലേക്ക് പ്രീമിയം തേയില കയറ്റുമതി ചെയ്യുന്ന വീക്കോൺ എക്സ്പോർട്ട്സിന്റെ ഉടമ കൂടിയാണ് കൃഷ്ണലാൽ. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലർ ബി. പ്രതാപന്റെ ഉടമസ്ഥതയിലുള്ള ഡിലൈറ്റ് ഇവന്റ്സ് ആൻഡ് പ്രമോഷൻസാണ് പാശ്ചാത്യ ശൈലിയിലുള്ള വിവാഹം ഒരുക്കിയത്.