കൊല്ലം: നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും ചോദിച്ചറിഞ്ഞ് തനി നാട്ടിൻപുറത്തുകാരനായി ബാലഗോപാൽ. വെളിയം, ഓടനാവട്ടം മേഖലയിലാണ് ഇന്നലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ വോട്ടർമാരെ നേരിൽക്കാണാനെത്തിയത്. റോഡിന്റെ തകർച്ചയും കുടിവെള്ളക്ഷാമവും ബാലഗോപാലിന് മുന്നിൽ നിരത്താനും ചിലർ മടിച്ചില്ല. എല്ലാം ശരിയാകുമെന്നല്ല, ഇക്കുറി ഉറപ്പാണെന്ന് പറഞ്ഞാണ് സ്ഥാനാർത്ഥി മടങ്ങിയത്. പ്രധാന പാതകളിലെ വ്യാപാര സ്ഥാപനങ്ങളിലും മറ്റ് തൊഴിലിടങ്ങളിലുമാണ് കൂടുതലും കയറിയിറങ്ങിയത്. ഇടയ്ക്ക് ബസ് സ്റ്റോപ്പിൽ നിറുത്തിയിട്ടിരുന്ന ബസിനുള്ളിൽ കയറി യാത്രക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ബി. സനൽകുമാർ, ഷൈലാ സലീംലാൽ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മധു മുട്ടറ, ജി. മുരുകദാസൻ നായർ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് കുളക്കട പഞ്ചായത്തിലാണ് പര്യടനം തീരുമാനിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന് നാളടക്കുമ്പോഴും മറ്റ് മുന്നണികൾ പ്രചാരണ രംഗത്ത് സജീവമായിട്ടില്ല.