
സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് ഇന്ന്
കൊല്ലം: ചടയമംഗലം സീറ്റിനെ ചൊല്ലി സി.പി.ഐയിലുണ്ടായ പൊട്ടിത്തെറി പരസ്യപ്രതിഷേധങ്ങൾക്കുൾപ്പെടെ വഴിവച്ച സാഹചര്യത്തിൽ ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മണ്ഡലം കമ്മിറ്റികളും ജില്ലാ കൗൺസിലും നിർദ്ദേശിച്ച പേരുകൾ പരിഗണിക്കാതെ സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി എടുത്ത തീരുമാനം വിജയസാദ്ധ്യതയെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.
ജില്ലാ കൗൺസിലിന്റെ ചുരുക്കപ്പട്ടികയിൽ പ്രഥമ പരിഗണനയുണ്ടായിരുന്ന ജില്ലാ എക്സിക്യുട്ടീവ് അംഗം എ. മുസ്തഫയെ ഒഴിവാക്കി ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കാൻ സംസ്ഥാന എക്സിക്യുട്ടീവിൽ ധാരണയായതാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. പാർട്ടി നാല് സീറ്രുകളിൽ മത്സരിക്കുന്ന ജില്ലയിൽ ഒരിടത്ത് വനിതാ സ്ഥാനാർത്ഥി വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വം ചിഞ്ചുറാണിയെ ചടയമംഗലത്ത് പരിഗണിച്ചത്.
പ്രാദേശികതലത്തിൽ സജീവമായ മുസ്തഫയെ ചടയമംഗലത്ത് സ്ഥാനാർത്ഥിയാക്കാൻ കഴിഞ്ഞ മൂന്ന് തവണയായി പാർട്ടി പരിഗണിച്ചിരുന്നു. ഇക്കുറി മുല്ലക്കര രത്നാകരൻ മത്സരിക്കുന്നില്ലെന്ന് ഉറപ്പായപ്പോൾ മുസ്തഫയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചാണ് പ്രവർത്തകർ മുന്നോട്ട് പോയത്. സ്ഥാനാർത്ഥി നിർണയത്തിനായി മണ്ഡലം കമ്മിറ്റി കൂടിയപ്പോഴും മുസ്തഫയ്ക്ക് പ്രഥമ പരിഗണന നൽകിയിരുന്നു. ഇത് ജില്ലാ എക്‌സിക്യുട്ടീവും കൗൺസിലും അംഗീകരിക്കുകയും ചെയ്തിരുന്നു.
വിജയസാദ്ധ്യത പരിഗണിച്ച് തീരുമാനം
ചടയമംഗലത്ത് എ. മുസ്തഫയ്ക്ക് പകരം മറ്റൊരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ വിജയസാദ്ധ്യതയെ ബാധിക്കാനിടയുണ്ടെന്ന വിലയിരുത്തലുണ്ട്. പാർട്ടി എത്ര വലിയ നടപടികൾക്ക് മുതിർന്നാലും വലിയൊരു വിഭാഗം പ്രവർത്തകർ വോട്ട് മറിച്ച് ചെയ്യുകയോ വോട്ട് ചെയ്യാതെ പിന്മാറുകയോ ചെയ്യുമെന്ന കണക്കുകൂട്ടലുണ്ട്. പാർട്ടി വിടുമെന്ന ഭീഷണിയുൾപ്പെടെ ചിലയിടങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
വർഷങ്ങളായി ഒപ്പമുള്ള മണ്ഡലം കൈവിട്ടുപോയാൽ അത് പാർട്ടിയെ സാരമായി ബാധിക്കുമെന്ന് ഒരുവിഭാഗം നേതാക്കൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാകും സംസ്ഥാന എക്സിക്യുട്ടീവ് ഇന്ന് തീരുമാനമെടുക്കുക. മറ്റ് മണ്ഡലങ്ങളിൽ പ്രചാരണം ആരംഭിച്ചിട്ടും ഇനിയും ചടയമംഗലത്തെ സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമാകാത്തതിൽ സി.പി.എം അടമുള്ള ഇടതുപാർട്ടികൾക്ക് നീരസവുമുണ്ട്.