
പുനലൂർ: ട്രെയിനിൽ കടത്താൻ ശ്രമിച്ച 1.22 കോടി രൂപയുമായി മൂന്നംഗ തമിഴ് സംഘത്തെ പിടികൂടി. ഇവർ കുഴൽപ്പണ ഇടപാടുകാരാണെന്നാണ് പ്രാഥമിക വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി റെയിൽവേ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
മധുര രാജമിൽ ഡോർ നമ്പർ 47ൽ സതീഷ് കുമാർ (35), കിരുവനന്തവാര്യർ സ്ട്രീറ്റ് ഡോർനമ്പർ 140ൽ രാജീവ് ഗാന്ധി (35), ഗംഗൈപുരം ഡോർ നമ്പർ 253ൽ ത്യാഗരാജൻ (63) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 5ന് കൊല്ലം - ചെന്നൈ - എഗ്മോർ എക്സ്‌പ്രസ്സിൽ തെന്മലയിൽ എത്തിയപ്പോഴായിരുന്നു പരിശോധന.
സംശയം തോന്നി രാജീവിനെ ചോദ്യം ചെയ്തപ്പോൾ ഭയം പ്രകടിപ്പിച്ചു. ബാഗ് പരിശോധിച്ചപ്പോൾ കുറച്ച് പണം ലഭിച്ചു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റിലെ മറ്റ് രണ്ടുപേരുടെ വിവരങ്ങൾ ചോദിച്ചപ്പോൾ വെളിപ്പെടുത്താൻ തയാറായില്ല. കൂടുതൽ ചോദ്യം ചെയ്യലിൽ രാജീവ് ചൂണ്ടിക്കാട്ടിയ ബാഗുകളിൽ നിന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ പണക്കെട്ടുകൾ കണ്ടെത്തി. തുടർന്ന് മൂന്നുപേരെയും ദേഹപരിശോധന നടത്തിയപ്പോൾ അരയിൽ കെട്ടിയിരുന്ന ബെൽറ്റ് സഞ്ചിക്കുള്ളിൽ നിന്ന് 2000ന്റെയും 500ന്റെയും നോട്ടുകെട്ടുകൾ കണ്ടെത്തി. ആകെ 1,22,55,700 രൂപയാണ് കണ്ടെടുത്തത്.
പ്രതികളെ പുനലൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ചെങ്ങന്നൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ഒരു ജുവലറി ഉടമയ്ക്ക് നൽകാൻ മധുര സ്വദേശിയായ ബാലാജി എന്നയാൾ നൽകിയ പണമാണെന്ന് പ്രതികൾ സമ്മതിച്ചു. ജുവലറി ഉടമയുടെ നമ്പർ പ്രതികൾ കൈമാറിയെങ്കിലും ഫോൺ സ്വിച്ച് ഓഫാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. കേസെടുത്തശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
കർശന പരിശോധന
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നാല് ദിവസമായി ട്രെയിനിൽ പൊലീസ് പരിശോധന ശക്തമാണ്. ആയുധങ്ങൾ, മയക്കുമരുന്ന്, പണം തുടങ്ങിയവ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്താനുള്ള സാദ്ധ്യത കണക്കിലെടുത്താണ് പരിശോധന. പുനലൂർ എസ്.ഐ. എസ്.സലീം, പുനലൂർ ഇന്റലിജന്റസ് എസ്.ഐ രവിചന്ദ്രൻ, കൊല്ലം ഇന്റലിജൻസ് എസ്.ഐ. രാജു, എ.എസ്.ഐ സന്തോഷ്, സി.പി.ഒ മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പണം കണ്ടെത്തിയത്.