പടിഞ്ഞാറേക്കല്ലട: പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ പടിഞ്ഞാറേക്കല്ലട പഞ്ചായത്തിലെ കോതപുരം തലയിണക്കാവ് റെയിൽവേ അടിപ്പാത നിർമ്മാണം ആരംഭിച്ചു. ഏഴ് മീറ്റർ പൊക്കത്തിലും നാല് മീറ്റർ വീതിയിലുമാണ് അടിപ്പാത നിർമ്മിക്കുന്നത്. ഏകദേശം 45 മീറ്റർ നീളത്തിൽ റെയിൽവേ ലൈനിന് ഇരുവശവുമായി സമാന്തര റോഡിന്റെ നിർമ്മാണവും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സമാന്തര റോഡ് നിർമ്മിക്കേണ്ട സ്ഥലത്തെയും റെയിൽവേ ലൈനിന് ചേർന്നുള്ള ഭാഗത്തെയും ചെമ്മണ്ണ് നീക്കിത്തുടങ്ങി. നിർമ്മാണത്തിനായി ഇറക്കിയിട്ടിരുന്ന ഇരുമ്പ് ബോക്സുകൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ലൈനിൽ ഉറപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ നടന്നുവരുന്നത്. പണി പൂർത്തീകരിക്കാൻ മൂന്ന് മാസത്തോളം വേണ്ടി വരും. ചവറ - അടൂർ സംസ്ഥാന പാതയിൽ കാരാളിമുക്ക് വളഞ്ഞ വരമ്പ് റോഡിൽ കാരാളിമുക്കിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് അടിപ്പാത നിർമ്മിക്കുന്നത്.
റെയിൽവേ ഗേറ്റ്
പുതിയ അടിപ്പാതയുടെ പൂർത്തീകരണത്തോടെ നിലവിലെ റെയിൽവേ ഗേറ്റ് ഇല്ലാതെയാകും. വളരെ വേഗതയിലാണ് ഇപ്പോൾ ജോലികൾ നടന്നു വരുന്നത്. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ഏറെ തടസമായിരുന്നു ഇവിടുത്തെ റെയിൽവേ ഗേറ്റ്. കൂടാതെ ഭാവിയിൽ പെരുമൺ കണ്ണങ്കാട് പാലങ്ങൾ പൂർത്തീകരിക്കുന്നതോടെ അടിപ്പാതയുടെ പ്രാധാന്യവും വർദ്ധിക്കും.
അടിപ്പാത
7 മീറ്റർ ഉയരം
4 മീറ്റർ വീതി