
കൊല്ലം: കക്കൂസ് മാലിന്യ മാഫിയ നഗരത്തിലെ ജലാശയങ്ങളാകെ മലിനമാക്കുന്നതിനൊപ്പം പകർച്ചവ്യാധി ഭീഷണിയും രൂക്ഷമാക്കുന്നു. വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും വൻതുക കൈപ്പറ്റി ശേഖരിക്കുന്ന കക്കൂസ് മാലിന്യം ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും വ്യാപകമായി നിക്ഷേപിക്കുകയാണ് ഇത്തരക്കാർ.
തമിഴ്നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കാനെന്ന് പറഞ്ഞാണ് വീട്ടുകാരിൽ നിന്ന് തുക വാങ്ങി കക്കൂസ് മാലിന്യം ശേഖരിക്കുന്നത്. വീടുകളിൽ നിന്ന് 15,000 രൂപയും ഫ്ലാറ്റുകളിൽ നിന്ന് ഇതിന്റെ മൂന്നിരട്ടിയും ഇവർ കൈപ്പറ്റാറുണ്ട്. നിരവധി ഇടപാടുകൾ ഉറപ്പിച്ചശേഷം ഒറ്റദിവസം കൊണ്ട് നീക്കം ചെയ്യുന്നതാണ് ശൈലി. അതുകൊണ്ട് തന്നെ ആരെങ്കിലും വിവരമറിയിച്ചതിനെ തുടർന്ന് തൊട്ടടുത്ത ദിവസം പൊലീസോ നഗരസഭാ ആരോഗ്യ വിഭാഗമോ പരിശോധനയ്ക്കിറങ്ങിയാൽ ഇവരെ കിട്ടാറില്ല. കഴിഞ്ഞദിവസം പുള്ളിക്കട കോളനിയിലൂടെ ഒഴുകി അഷ്ടമുടിക്കായലിൽ പതിക്കുന്ന ചെറുതോട്ടിൽ കക്കൂസ് മാലിന്യം തള്ളിയത് പ്രദേശത്ത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
 മിന്നൽ ഓപ്പറേഷൻ അർദ്ധരാത്രിയിൽ
മാലിന്യം ശേഖരിക്കുന്നതിനും ജലാശയങ്ങളിൽ ഒഴുക്കാനും അർദ്ധരാത്രിയാണ് ഇവർ തിരഞ്ഞെടുക്കുന്നത്. വൻശക്തിയുള്ള മോട്ടോറുകൾ ഉപയോഗിച്ച് പതിനഞ്ച് മിനിട്ടിനകം സെപ്ടിക് ടാങ്കുകളിൽ നിന്ന് ടാങ്കർ ലോറിയിലേയ്ക്ക് കയറ്റുന്ന മാലിന്യം അഞ്ച് മിനിട്ടിനകം ജലാശയത്തിൽ ഒഴുക്കിയശേഷം സ്ഥലംവിടുകയാണ് പതിവ്. സെപ്ടിക് ടാങ്ക് തുറക്കുമ്പോൾ വലിയ അളവിൽ മണ്ണെണ്ണ ഒഴിക്കുന്നതിനാൽ ഗന്ധം കൂടുതൽ വ്യാപിക്കില്ല.
 പിന്നിൽ ഗുണ്ടാസംഘം
നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളവരാണ് ഇത്തരം സംഘങ്ങൾക്ക് പിന്നിലെന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. കക്കൂസ് മാലിന്യവുമായി പോകുന്ന ലോറിക്ക് മുന്നിൽ രണ്ട് ബൈക്കുകൾ സഞ്ചരിച്ച് പൊലീസും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഇല്ലെന്ന് ഉറപ്പാക്കും. അഥവാ പിടിയിലായാൽ വൻസംഘമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.
 അവലംബിക്കാം ജില്ലാ ആശുപത്രി മോഡൽ
ജില്ലാ ആശുപത്രിയിലെ കക്കൂസ് മാലിന്യം ഇപ്പോൾ തിരുവനന്തപുരം നഗരസഭയുടെ മുട്ടത്തറയിലെ പ്ലാന്റിലെത്തിച്ചാണ് സംസ്കരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനുമായി ധാരണയിലെത്തിയാൽ നഗരത്തിലെ വീടുകളിൽ നിന്നുള്ള മാലിന്യവും ഇങ്ങനെ സംസ്കരിക്കാം. നഗരസഭയ്ക്ക് ഈയിനത്തിൽ നിശ്ചിത തുക വരുമാനവും ലഭിക്കും.