c
ഉ​ല്ലാ​സ് ​കോ​വൂ​ർ​ , കോ​വൂ​ർ​ ​കു​ഞ്ഞു​മോൻ

ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിൽ ഇടത് - വലത് മുന്നണികളുടെ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. യു.ഡി.എഫിനു വേണ്ടി ആർ.എസ്.പിയിലെ ഉല്ലാസ് കോവൂർ തന്നെയാണ് ഇക്കുറിയും മത്സര രംഗത്തുള്ളത്. ഇടതുപക്ഷത്തിനായി അഞ്ചാം തവണയും കോവൂർ കുഞ്ഞുമോൻ തന്നെയാണ് രംഗത്തിറങ്ങുന്നത്. ഐശ്വര്യ കേരളയാത്രയുടെ സ്വീകരണ വേളയിൽ തന്നെ ഉല്ലാസിന്റെ സ്ഥാനാർത്ഥിത്വം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. ഇതോടെ നവമാദ്ധ്യമങ്ങളിൽ ഉല്ലാസിനായി പ്രവർത്തകർ പ്രചാരണവും ആരംഭിച്ചിരുന്നു. ആർ.എസ്.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ ഔദ്യോഗികമായി പ്രചാരണ പരിപാടികൾ തുടങ്ങി. ഇടതു മുന്നണിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെയാണ് കോവൂർ കുഞ്ഞുമോനും പ്രചാരണ പരിപാടികൾ ആരംഭിച്ചത്.

ഇടതു മുന്നണിയിൽ കുന്നത്തൂരിനായി സി.പി.ഐയും കേരള കോൺഗ്രസ് ജോസ് വിഭാഗവും അവകാശവാദം ഉന്നയിച്ചെങ്കിലും സി.പി.എം നേതൃത്വത്തിന്റെ ഇടപെടലിലൂടെ ഒടുവിൽ സീറ്റ് കോവൂർ കുഞ്ഞുമോന് നൽകുകയായിരുന്നു. തുടർച്ചയായി നാലു തവണയും വിജയിച്ച കോവൂർ കുഞ്ഞുമോൻ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ അഞ്ചുവർഷവും മണ്ഡലത്തിൽ സജീവമായിരുന്നതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ. എൻ.ഡി.എയിൽ നിന്ന് കഴിഞ്ഞ തവണ ബി.ഡി.ജെ.എസാണ് മത്സരിച്ചത്.