ഇരവിപുരം: സംഘം ചേർന്നുള്ള മദ്യപാനം പൊലീസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ വീട്ടമ്മയുടെ കൈ തല്ലിയൊടിക്കുകയും മക്കളെയും ബന്ധുക്കളെയും ആക്രമിക്കുകയും ചെയ്ത യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം വടക്കുംഭാഗം വള്ളക്കടവ് സുനാമി ഫ്ലാറ്റ് ബ്ലോക്ക് നമ്പർ അഞ്ച് ഫ്ലാറ്റ് എട്ടിൽ ഹെമിനാണ് (27) അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഒമ്പതിന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഇടക്കുന്നം ലക്ഷം വീട് കോളനിക്ക് സമീപമുള്ള പുരയിടത്തിൽ യുവാവും കൂട്ടുകാരും സംഘം ചേർന്ന് മദ്യപിച്ചത് ആക്രമണത്തിനിരയായ വീട്ടമ്മയും കുടുംബവും വിലക്കുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ യുവാവ് വീടുകയറി ആക്രമിക്കുകയായിരുന്നു. പോക്സോ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഹെമിനെന്ന് പൊലീസ് പറഞ്ഞു.
ഇരവിപുരം എസ്.എച്ച്.ഒ ധർമ്മജിത്ത്, എസ്.ഐമാരായ ദീപു, ഷെമീർ, സൂരജ്, അജിത് കുമാർ, ദിനേശ്, ഷാജി, സി.പി.ഒമാരായ സന്ദീപ്, അജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.