
ഇരവിപുരം: ബൈക്ക് സ്റ്റണ്ടിംഗിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. ഇരവിപുരം 12 മുറി തേജസ് നഗർ 152 അൽത്താഫ് മൻസിലിൽ നിന്ന് മയ്യനാട് അമ്മാച്ചൻമുക്കിന് കിഴക്ക് ഹേമന്ത് നഗർ 33 - എ മുംതാസ് മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന അപ്പു എന്ന് വിളിക്കുന്ന അൽത്താഫിനെയാണ് (22) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മയ്യനാട് മുക്കം വെസ്റ്റ് താന്നി ലക്ഷ്മിപുരം തോപ്പ് വീട്ടിൽ ലെനിനാണ് (26) പരിക്കേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ഏഴുമണിയോടെ ഇരവിപുരം - പരവൂർ തീരദേശ റോഡിൽ താന്നി ബീച്ചിന് സമീപമായിരുന്നു സംഭവം. തീരദേശ റോഡിൽ അൽത്താഫ് ബൈക്ക് സ്റ്റണ്ടിംഗ് നടത്തുന്നതിനിടെ ഇതുവഴി കടന്നുപോയ ലെനിന്റെ ബൈക്കുമായി കൂട്ടിമുട്ടി. ഇതേതുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും അൽത്താഫ് കൈയിൽ കരുതിയിരുന്ന ആയുധമുപയോഗിച്ച് ലെനിനെ ആക്രമിക്കുകയുമായിരുന്നു. പിടിയിലായ അൽത്താഫ് മോഷണക്കേസിലുൾപ്പെടെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇരവിപുരം എസ്.എച്ച്.ഒ ധർമ്മജിത്ത്, എസ്.ഐമാരായ ദീപു, സൂരജ്, സജികുമാർ, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.