
കൊല്ലം: ശാസ്ത്രീയമായ മൈൻ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ക്വാറികളിൽ പാറ ഖനനം നടക്കുന്നത്. മൈൻ പ്ലാൻ തെറ്റിച്ചാൽ കനത്ത തുകയാണ് പിഴ ഈടാക്കുന്നത്. 2015ലെ ഖനന നിയമത്തിലാണ് ക്വാറികൾക്ക് മൈൻ പ്ലാൻ നിർബന്ധമാക്കിയത്. ലീസ് ക്വാറികൾ അഞ്ച് വർഷം ഖനനം ചെയ്യുന്ന കല്ലിന്റെ അളവും ഓരോ വർഷം എത്രവീതമെന്നും മെട്രിക് ടൺ അടിസ്ഥാനമാക്കിയുള്ള പ്ലാനാണ് സമർപ്പിക്കേണ്ടത്. പെർമിറ്റുള്ള ക്വാറികൾ എല്ലാവർഷവും പ്ലാൻ തയ്യാറാക്കി നൽകണം. പെർമിറ്റ് പുതുക്കുന്നതിന് മുൻപ് എല്ലാ വർഷവും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കും. അപ്പോൾ പ്ലാനിന് വിരുദ്ധമായി പാറ ഖനനം ചെയ്തെന്ന് ബോദ്ധ്യമായാൽ വൻതുക പിഴ ചുമത്തും.
പൊട്ടിച്ചെടുക്കുന്ന പാറയുടെ അളവിന് പുറമേ പരിസ്ഥിതി സംബന്ധമായ വിവരങ്ങളും പ്ലാനിൽ ഉണ്ടാകണം. പ്രദേശത്തെ ജലനിരപ്പ്, ഖനനത്തിന്റെ ഭാഗമായി നശിപ്പിക്കപ്പെടുന്ന വൃക്ഷങ്ങളുടെ എണ്ണം, ജനസാന്ദ്രത, സ്ഥലത്തുള്ള മറ്റ് ജീവജാലങ്ങളുടെ വിവരങ്ങൾ, ഖനനത്തിലൂടെ ഉണ്ടാകാൻ സാദ്ധ്യതയുള്ള ശബ്ദ, വായു മലിനീകരണം - അതിന്റെ പരിധി തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്തണം. മുറിച്ചു നീക്കുന്ന വൃക്ഷങ്ങൾക്ക് പകരം പുതിയത് വച്ചുപിടിപ്പിക്കുന്നതിന്റെ വിവരങ്ങളും ഉണ്ടാകണം. ജിയോളജിസ്റ്റ് സ്ഥലം സന്ദർശിച്ച് പ്ലാൻ വിലയിരുത്തും. പ്ലാനിൽ മാറ്റങ്ങൾ ആവശ്യമാണെങ്കിൽ ജിയോളജിസ്റ്റ് നിർദ്ദേശിക്കും. ഇങ്ങനെ ഭേദഗതി നിർദ്ദേശിച്ചാൽ അത് പ്രകാരം മാറ്റംവരുത്തിയ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഖനനത്തിന് അനുമതി നൽകുന്നത്.
പെർമിറ്റ് ക്വാറി: 01 ഹെക്ടറിന് താഴെ
ലീസ് ക്വാറി: 01ഒരു ഹെക്ടറിന് മുകളിൽ