ഡോ. സുജിത്ത് വിജയൻപിള്ളയുടെ പ്രചാരണം ആരംഭിച്ചു
ചവറ : ചവറയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻപിള്ള അന്തരിച്ച എൻ. വിജയൻപിള്ളയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് ചവറ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ നേതാക്കളായിരുന്ന എം.കെ. ഭാസ്‌കരൻ, സി.പി. കരുണാകരൻപിളള, കല്ലുംപുറത്ത് ഭാസ്‌കരൻ, കരമന ഭാസ്‌കരൻപിള്ള, കെ.സി. പിള്ള, പി. കാർത്തികേയൻ, വി. സാംബശിവൻ, പി.കെ. സുകുമാരൻ, കെ. കൃഷ്ണപിള്ള എന്നിവരുടെ ശവകുടീരത്തിലും പുഷ്പാർച്ചന നടത്തി.
ഇ. ബാലാനന്ദൻ, അഡ്വ. വിദ്യാധരൻ, ചവറ അനിരുദ്ധൻ എന്നിവരുടെ വീടുകളും ഒ.എൻ.വിയുടെ ചവറയിലെ ജന്മഗൃഹവും അദ്ദേഹം സന്ദർശിച്ചു. രക്തസാക്ഷികളായ രാജു മണക്കാട്ടുകര, ശ്രീകുമാർ എന്നിവരുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. രക്തസാക്ഷി പുത്തൻതുറ രഘുവിന്റെ വസതി സന്ദർശിച്ചു. കൂടാതെ പന്മന ആശ്രമം, പനയന്നാർകാവ് അയ്യങ്കാളി സ്മാരകം, മുള്ളിക്കാല യത്തീംഖാന എന്നിവിടങ്ങൾ സന്ദർശിച്ചു. തുടർന്ന് രാമൻകുളങ്ങര മുതൽ ശക്തികുളങ്ങര വരെയുള്ള കടകടമ്പോളങ്ങളിൽ കയറി ജനങ്ങളെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിച്ചു.